ഓസ്കര് പുരസ്കാരവേദിയിൽ തിളങ്ങി ഇന്ത്യ. ആര്.ആര്.ആര് ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്കാർ ലഭിച്ചപ്പോൾ സംഗീത സംവിധായകൻ എം.എം കീരവാണി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. തനിക്ക് ലഭിച്ച ഓസ്കാർ പുരസ്കാരം ഇന്ത്യയ്ക്ക് സമർപ്പിച്ച് അമേരിക്കൻ മണ്ണിൽ പുതുചരിത്രം എഴുതിച്ചേർത്തിരിക്കുകയാണ് കീരവാണി. തന്റെ പ്രസംഗത്തിൽ കീരവാണി ഇങ്ങനെ പറഞ്ഞിരുന്നു ‘കാർപ്പെന്റേഴ്സിനെ കേട്ടാണ് ഞാൻ വളർന്നത്’. ഇതോടെ ആരാണ് കീരവാണി പറഞ്ഞ കാർപ്പെന്റേഴ്സ് എന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ.
ചുരുങ്ങിയ കാലം കൊണ്ട് ലോകശ്രദ്ധ നേടിയ വിഖ്യാത അമേരിക്കൻ സംഗീതജ്ഞരാണ് റിച്ചാർഡ് കാർപ്പെന്ററും അനിയത്തി കാരൻ കാർപ്പെന്ററും. അവർ അറിയപ്പെട്ടത് ‘കാർപ്പെന്റേഴ്സ്’ എന്ന പേരിലാണ്. 60 കളിലും 70 കളിലും ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ചിരുന്ന അമേരിക്കൻ പോപ്പ് ബാൻഡ് രൂപീകരിച്ചത് ഇവരാണ്. ഈ കാർപെന്റേഴ്സ് ബാന്‍ഡിന്റെ ഗാനങ്ങൾ കേട്ട് വളർന്നുവെന്നാണ് കീരവാണി ഓസ്കാർ വേദിയിൽ പറഞ്ഞത്.