ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് (66) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. മിസ്റ്റർ ഇന്ത്യയിലെ ‘കലണ്ടർ’ പോലുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയനായ കൗശിക്കിന് ഭാര്യയും ഒരു മകളുമുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്തും ദേശീയ അവാർഡ് ജേതാവുമായ അനുപം ഖേർ ട്വീറ്റിലൂടെയാണ് മരണവാർത്ത സ്ഥിരീകരിച്ചത്.
ഖേർ തന്റെയും കൗശികിന്റെയും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവെച്ച് ട്വീറ്റ് ചെയ്തു.
1956 ഏപ്രിൽ 13ന് ഹരിയാനയിലാണ് സതീഷ് കൗശിക് ജനിച്ചത്. ബോളിവുഡിൽ ചുവടുറപ്പിക്കുന്നതിന് മുമ്പ് കൗശിക് ഒരു നാടക കലാകാരനായിരുന്നു. മിസ്റ്റർ ഇന്ത്യ (1987), ജാനേ ഭി ദോ യാരോൺ (1983), സാജൻ ചലേ സസുരാൽ (1996), ബഡേ മിയാൻ ചോട്ടെ മിയാൻ (1998), ഉഡ്താ പഞ്ചാബ് (2016), സൂർമ (2018) തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം പ്രശസ്തനായിരുന്നു.
2022-ൽ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ഋഷി കപൂറിന്റെ അവസാന ചിത്രമായ ശർമ്മാജി നംകീനിലും അദ്ദേഹം അഭിനയിച്ചു. 1990-ൽ രാം ലഖനും 1997-ൽ സാജൻ ചലെ സസുറലിനും മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡും ഇദ്ദേഹം നേടി.