‘ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ബന്ധുവായ സ്ത്രീ ലൈംഗികമായി പീഡിപ്പിച്ചു’; തുറന്നുപറഞ്ഞ് നടൻ പീയൂഷ് മിശ്ര

ന്യൂഡൽഹി: കുട്ടിയായിരുന്നപ്പോൾ തനിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ പീയുഷ് മിശ്ര. അകന്ന ബന്ധുവായ സ്ത്രീയുടെ പക്കൽ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്നാണ് പീയുഷ് പറയുന്നത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ബന്ധുവായ സ്ത്രീ ലൈംഗികമായി പീഡിപ്പിച്ചുവെന്നും, ആ ലൈംഗികാതിക്രമത്തിൽ നിന്ന് പുറത്തുവരാൻ വളരെയധികം സമയം വേണ്ടിവന്നുവെന്നും പീയുഷ് പറയുന്നു. ആരോടും പ്രതികാരം ചെയ്യാനോ വേദനിപ്പിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അദ്ദേഹത്തിന്റേതായി ഇപ്പോൾ പുറത്തിറങ്ങിയ ആത്മകഥാപരമായ നോവലായ ‘തുംഹാരി ഔഖാത് ക്യാ ഹേ പിയൂഷ് മിശ്ര’യിൽ ആണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പ്രതികാരം തന്റെ ലക്ഷ്യമല്ലെന്നും, അതിനാൽ ആരാണ് ആ സ്ത്രീയെന്ന് സംബന്ധിച്ച വിവരങ്ങൾ പുറത്തുപറയാൻ ഉദ്ദേശമില്ലെന്നും പീയുഷ് വ്യക്തമാക്കുന്നു.

‘ആ സംഭവം എന്നെ വല്ലാതെ ഞെട്ടിച്ചു, എന്താണ് സംഭവിച്ചതെന്ന് ഓർത്ത് ഞാൻ ആശ്ചര്യപ്പെട്ടു. ലൈംഗികത വളരെ ആരോഗ്യകരമായ ഒരു കാര്യമാണ്, പക്ഷെ അതുമായി ബന്ധപ്പെട്ട കണ്ടുമുട്ടൽ നല്ലതായിരിക്കണം. അല്ലാത്തപക്ഷം അത് നിങ്ങളെ ജീവിതത്തിന് മുറിവേൽപ്പിക്കുന്നു, ജീവിതകാലം മുഴുവൻ അത് നിങ്ങളെ വേദനിപ്പിച്ച് കൊണ്ടേ ഇരിക്കും. ആ ലൈംഗികാതിക്രമം എന്റെ ജീവിതത്തിലുടനീളം എന്നെ മുറിവേൽപ്പിച്ചു. അതിൽ നിന്നും പുറത്തുവരാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. ആരോടും പ്രതികാരം ചെയ്യാനോ ആരെയും വേദനിപ്പിക്കാനോ ഞാൻ ആഗ്രഹിച്ചില്ല’, അദ്ദേഹം പറഞ്ഞു.