’86 ലക്ഷം നൽകിയിട്ടും വഞ്ചിച്ചു’: വിശ്വാസ വഞ്ചനാക്കുറ്റത്തിന് ഗൗരി ഖാനെതിരെ കേസെടുത്ത് യു.പി പൊലീസ്

ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്റെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയുടെ പരസ്യം കണ്ട് പണം നൽകിയ തന്നെ വഞ്ചിച്ചുവെന്നാരോപിച്ച് യുവാവ് രംഗത്ത്. യുവാവിന്റെ പരാതിയിൽ ഗൗരി ഖാനെതിരെ യു.പി പോലീസ് കേസെടുത്തു. മുംബൈ സ്വദേശിയായ ജസ്വന്ത് ഷാ നല്‍കിയ പരാതിയിലാണ് ഗൗരി ഖാനെതിരെ കേസെടുത്തിരിക്കുന്നത്. ഗൗരി ഖാനും തുള്‍സിയാനി കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ലിമിറ്റഡിന്റെ സിഎംഡി അനില്‍ കുമാര്‍ തുള്‍സിയാനിയും ഡയറക്ടര്‍ മഹേഷ് തുള്‍സിയാനിയുമെതിരെയാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്.

ഗൗരി ഖാൻ ബ്രാൻഡ് അംബാസഡറായ കമ്പനി ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ഒരു അപ്പാർട്ട്‌മെന്റിനായി തന്നിൽ നിന്ന് 86 ലക്ഷം രൂപ കൈപ്പറ്റിയെന്നും എന്നാൽ, 2016ൽ തനിക്ക് വാഗ്ദാനം ചെയ്ത പ്രകാരം അത് കൈമാറിയില്ലെന്നും കിരാത് ജസ്വന്ത് ഷാ ആരോപിക്കുന്നു. അക്കാലത്ത് ഗൗരി ഖാന്‍ ബ്രാന്‍ഡ് അംബാസഡറായിരുന്ന തുള്‍സിയാനി കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്പേഴ്സ് ഗ്രൂപ്പില്‍ നിന്നാണ് അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയത്. സുശാന്ത് ഗോൾഫ് സിറ്റിയിലായിരുന്നു അപ്പാർട്ട്മെന്റ്.

തുള്‍സിയാനി കൺസ്ട്രക്ഷൻ, അതിന്റെ മാനേജിംഗ് ഡയറക്ടർ അനിൽ കുമാർ തുള്‍സിയാനി, ഡയറക്ടർ മഹേഷ് തുള്‍സിയാനി, ഗൗരി ഖാൻ എന്നിവർക്കെതിരെ അദ്ദേഹം ലഖ്‌നൗവിൽ എഫ്‌ഐആർ (ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്) ഫയൽ ചെയ്തിരിക്കുന്നത്. ഗൗരി ഖാനെ സ്വാധീനിച്ചാണ് ഫ്‌ളാറ്റ് വാങ്ങിയതെന്നും പക്ഷേ ഗൗരി ഖാന്‍ വിശ്വാസ വഞ്ചന നടത്തി ഫ്‌ളാറ്റ് മറ്റൊരാള്‍ക്ക് കൈമാറിയെന്നും പരാതിക്കാരന്‍ പറഞ്ഞു.