മമ്മൂട്ടിക്ക് വില്ലനായി ആസിഫ് അലി?!

കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രം സംവിധാനം ചെയ്ത നിസാം ബഷീറിന്റെ രണ്ടാമത്തെ സിനിമയാണ് റോഷാക്ക്. റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് ആന്റണിക്ക് മുന്നിൽ ടീസറിൽ എത്തുന്ന മുഖമൂടി ധരിച്ച കഥാപാത്രം ആര് എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. ഇതിന് ഇവർ തന്നെ ഊഹാപോഹങ്ങളും നടത്തുന്നുണ്ട്.

മമ്മൂട്ടിക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന മുഖംമൂടിക്കാരൻ ആസിഫ് അലിയാണെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. റോഷാക്കിൽ ആസിഫ് അലി അഭിനയിക്കുന്നുണ്ടെന്ന് അണിയറ പ്രവർത്തകർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആസിഫ് അലിയാണ് മമ്മൂട്ടിക്ക് വില്ലനായി എത്തുന്നതെന്ന റിപ്പോർട്ട് ആരാധകർ ആകാംക്ഷയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ആസിലും മമ്മൂട്ടിയും നേർക്കുനേർ എന്ന വിധത്തിലാണ് പുതിയ ടീസർ ശ്രദ്ധേയമാകുന്നത്.

ഒക്ടോബർ ഏഴിന് റോഷാക്ക് തിയേറ്ററുകളിലെത്തും. നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് തിയേറ്റർ എക്‌സ്‌പീരിയൻസ് നൽകുന്ന ചിത്രമാണെന്ന് മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ കഥയെ നയിക്കുന്ന നായകൻ ഷറഫുദീൻ ആണെന്നും ബിന്ദു പണിക്കരുടെ ഗംഭീര പ്രകടനമാണെന്നും ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീർ, സഞ്ജു ശിവറാം, ബാബു അന്നൂർ, മണി ഷൊർണൂർ എന്നിവരുടെ മികച്ച പ്രകടനകൾക്ക് സാക്ഷ്യം വഹിക്കുന്ന ചിത്രമായിരിക്കും റോഷാക്ക് എന്നും ഇന്റർവ്യൂകളിൽ മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് പ്രദർശനത്തിനെത്തിക്കുന്നത്.