ആറുവയസുകാരിയെ പീഡിപ്പിച്ചു, അമ്മ അലറിവിളിച്ചിട്ടും വിട്ടില്ല; പ്രതിക്ക് 20 വർഷം കഠിനതടവ്


തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. കൊല്ലം പാരിപ്പള്ളി കിഴക്കേനില മിഥുന്‍ ഭവനത്തില്‍ മിഥുനെ(26)യാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍.രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും കുട്ടിക്ക് ലീഗല്‍ സര്‍വീസസ് അതോറിട്ടി നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശത്തിലുണ്ട്.

ആറ് വയസുകാരിയായ പെൺകുട്ടിയെ ആണ് പ്രതി പീഡിപ്പിച്ചത്. 2021 നവംബര്‍ 30-നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍  കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. പ്രതി ഇവിടേക്ക് അതിക്രമിച്ച് കയറി കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയശേഷം പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അമ്മ ബഹളം വെച്ചെങ്കിലും പ്രതി കുട്ടിയെ വിടാൻ തയ്യാറായില്ല. ഇതോടെ, കുട്ടിയുടെ അമ്മ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയതോടെ ഇയാൾ കുട്ടിയെ വലിച്ചെറിഞ്ഞ ശേഷം ഓടിരക്ഷപ്പെട്ടു. ഈ ഏറിൽ കുട്ടിക്ക് മാരകമായി പരിക്കേറ്റു.

സംഭവത്തിനുശേഷം പ്രതിയെ ഭയന്ന് വീട്ടുകാര്‍ പരാതിനല്‍കിയിരുന്നില്ല. കുട്ടി പഠിക്കുന്ന സ്‌കൂളിലെ പ്രഥമാധ്യാപകനാണ് വീട്ടുകാരെയും കൂട്ടിയെത്തി പള്ളിക്കല്‍ പോലീസിൽ പരാതി നൽകി. ഇതറിഞ്ഞ പ്രതി വീട്ടുകാരെ മര്‍ദിക്കുകയും പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ, കുട്ടിയുടെ വീട്ടുകാർ പിന്നോട്ട് പോയില്ല. തുടർന്നാണ് അറസ്റ്റ്. ഇരുപതിലധികം കേസുകളില്‍ പ്രതിയായ മിഥുനെ ആദ്യമായാണ് ഒരു കേസില്‍ ശിക്ഷിക്കുന്നത്. മോഷണം, മയക്കുമരുന്ന് വില്‍പ്പന, ബലാത്സംഗം, അടിപിടി, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.