ഓട്ടോയിൽ യാത്ര ചെയ്യവേ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, നഗ്നതാ പ്രദർശനവും; ഇറങ്ങിയോടി വിദ്യാർത്ഥിനി


തിരുവനന്തപുരം: ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍. കുളത്തൂര്‍ സ്വദേശി അനുവിനെയാണ് പോലീസ് പിടികൂടിയത്. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

അമരവിളയിലേക്ക് പോവുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി വിദ്യാര്‍ഥിനിയെ ഓട്ടോയില്‍ കയറ്റിയത്. ഇതിനിടെ കാരക്കോണത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീയെയും കയറ്റി. ഇവരെ കുന്നത്തുകാലില്‍ ഇറക്കി. പിന്നാലെയാണ് ഡ്രൈവര്‍ വിദ്യാര്‍ഥിനിക്ക് നേരേ അതിക്രമം കാട്ടിയത്. ആദ്യം പ്രതി പെണ്‍കുട്ടിയോട് മോശമായി സംസാരിക്കുകയായിരുന്നു. ഇതോടെ ഓട്ടോ നിര്‍ത്തണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു.

പെൺകുട്ടിയുടെ ആവശ്യപ്രകാരം ഡ്രൈവർ ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. നഗ്നതാപ്രദര്‍ശനം നടത്തിയതായും പരാതിയുണ്ട്. അതിക്രമത്തിനിരയായ പെണ്‍കുട്ടി ഓട്ടോയില്‍നിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.