അബി​ഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: സംഭവം കണ്ടുനിൽക്കുന്ന ഒരാളും, ഉറങ്ങാതെ കേരളം


കൊല്ലം: ആറു വയസുകാരി അബി​ഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പെൺകുട്ടിയേയും സഹോദരനെയും കാറിലേക്ക് വലിച്ചുകയറ്റാൻ ശ്രമിക്കുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ സംഭവങ്ങൾ ഒരാൾ കണ്ടുനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

അബിഗേൽ സാറ റെജിയെ കാറിലേക്ക് വലിച്ചു കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സഹോദരനെയും വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. പ്രദേശവാസിയെന്ന് സംശയിക്കപ്പെടുന്നയാളാണ് ഈ സംഭവങ്ങൾ കണ്ടുകൊണ്ട് നിൽക്കുന്നത്. ഏകദേശം 50 വയസ് പ്രായമുള്ള ഒരു വ്യക്തിയെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇയാളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരങ്ങൾ.

ഇതിനിടെ കാട്ടുപുതുശേരി പ്രദേശത്തെ അടിച്ചിട്ട ഗോഡൗണിലും പൊലീസ് പരിശോധന നടത്തി. പ്രദേശത്തൊരു കാർ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പുലർച്ചെ മൂന്നു മണിയോടെ പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിലൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു.പൊലീസിനൊപ്പം നാടിന്റെ വിവിധ മേഖലകളിൽ സാധാരണ ജനങ്ങളും ആറുവയുകാരിക്കായുള്ള തെരച്ചിലിലാണ്. കഴിഞ്ഞ രാത്രിയിൽ അന്വേഷണവും പ്രാർത്ഥനകളുമായി ഉറങ്ങാതെ കുട്ടിയെ തേടുകയാണ് മലയാളികൾ. തിരുവനന്തപുരം, കൊല്ലം ജില്ലകളിലും സംസ്ഥാന അതിർത്തി പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോ​ഗമിക്കുന്നത്. നാടിന്റെ ഉൾപ്രദേശങ്ങളിലും വനമേഖലകളിലും തെരച്ചിൽ ശക്തമാണ്. നാട്ടുകാരും യുവജന സംഘടനാപ്രവർത്തകരും പൊലീസിനെപ്പം കുഞ്ഞിനായുള്ള തെരച്ചിലിന് രം​ഗത്തുണ്ട്.

അതിനിടെ, മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോൺകോൾ എത്തി. കുട്ടിയുടെ ബന്ധുവിനാണ് രണ്ടാമത്തെ ഫോൺകോൾ വന്നത്. കുട്ടി സുരക്ഷിതയാണെന്നും 10 ലക്ഷം രൂപ തന്നാൽ ഇന്ന് രാവിലെ 10 മണിക്ക് കുട്ടിയെ വീട്ടിലെത്തിക്കാമെന്നും തട്ടിക്കൊണ്ടുപോയ സംഘത്തിലെ യുവതി പറഞ്ഞു. നേരത്തെ 5ലക്ഷം രൂപ ആവശ്യപ്പെട്ടാണ് കുഞ്ഞിന്റെ അമ്മയ്ക്ക് ഫോൺകോൾ വന്നത്. വിവരം പൊലീസിന് കൈമാറരുതെന്നും ബോസ് പറയുന്നതുപോലെ ചെയ്യുമെന്നും യുവതി പറയുന്നുണ്ട്. ‘നിങ്ങളുടെ കുട്ടി സുരക്ഷിതയാണ്. 10 ലക്ഷം രൂപ തയ്യാറാക്കി വെക്കണം. രാവിലെ കുട്ടിയെ വീട്ടിലെത്തിക്കാം. ബോസ് പറയുന്നത് പോലെ ചെയ്യണം. ഈ നമ്പറിലേക്ക് വിളിക്കരുത്. വിളിച്ച വിവരം പൊലീസിൽ അറിയിക്കരുത്.’-യുവതി പറയുന്നു. ഫോൺ വിളിയുടെ വിശദാംശങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.

സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസ് ഊർജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

അതിനിടെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ഇയാൾക്കൊപ്പമുണ്ടായിരുന്ന സ്ത്രീയുടെ രേഖാചിത്രവും ഉടൻ പുറത്തുവിടുമെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിലെ വിദ​ഗ്ധരാണ് രേഖാചിത്രം തയ്യാറാക്കിയത്. തട്ടിക്കൊണ്ടുപോകൽ സംബന്ധിച്ച് അന്വേഷണ സംഘത്തിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചുവെന്നാണ് സൂചന.

മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വിളിച്ചത് പാരിപ്പള്ളിക്കു സമീപം കുളമട കിഴക്കനേല എൽ.പി.എസിന് അടുത്തുള്ള കടയിൽ വന്ന സ്ത്രീയും പുരുഷനുമാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. കടയുടമയുടെ ഭാര്യ ​ഗിരിജയുടെ ഫോൺ വാങ്ങിയാണ് ഇവർ സംസാരിച്ചത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ പോലീസ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. 45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ വേഷം കാക്കി പാന്റും വെള്ളഷർട്ടുമായിരുന്നെന്ന് നേരത്തെ ​ഗിരിജ പറഞ്ഞിരുന്നു. 35 വയസ്സ് തോന്നിക്കുന്ന സ്ത്രീ പച്ച ചുരിദാറും കറുത്ത ഷാളുമായിരുന്നു ധരിച്ചിരുന്നതെന്നും ​ഗിരിജ പോലീസിനോട് വ്യക്തമാക്കിയിരുന്നു.

കുട്ടിയുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്നവർ കണ്ട്രോൾ റൂം നമ്പറായ 112-ൽ അറിയിക്കണമെന്ന് പോലീസ് വ്യക്തമാക്കി. വിഷയത്തിൽ ബന്ധപ്പെടാനാകുന്ന മറ്റ് നമ്പറുകൾ: 9946923282, 9495578999

ഇന്നലെ വൈകിട്ട് 4.20-നാണ് പെൺകുട്ടിയെ വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്ന്‌ പുറത്തേക്കു തള്ളിയിടുകയായിരുന്നു.