ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതയും, ജോലിയിലെ കഠിന പ്രയത്നവും ഒക്കെയാണ് ഒരാളെ ഒരു കമ്പനിയുടെ പ്രിയപ്പെട്ട ജീവനക്കാരനാക്കുന്നത്. തുടർന്ന് ആ ജീവനക്കാരന് കമ്പനി ഉദ്യോഗ കയറ്റവും ശമ്പള വർദ്ധനവും ഒക്കെ നൽകും. അങ്ങനെ ഉദ്യോഗ കയറ്റം കിട്ടിയ അതേ ജീവനക്കാരൻ തന്നെകമ്പനിയിൽ നിന്നും മോഷണം നടത്തിയാലോ? അങ്ങനെ ഒരു അവസ്ഥയാണ് മുംബൈയിലെ ഒരു കമ്പനിയിൽ എച്ച് ആർ ആയ മെഹുൽ സങ്വിക്ക് നേരിടേണ്ടി വന്നത്. തന്റെ കമ്പനിയിലെ ‘ആത്മാർത്ഥ’യായ ജീവനക്കാരിക്ക് മെഹുൽ കൊറോണ സമയത്താണ് സ്ഥാനക്കയറ്റം നൽകിയത് .പക്ഷെ തന്റെ തീരുമാനത്തിൽ ഉടൻ തന്നെ ദുഃഖിക്കേണ്ടി വരുമെന്ന് സിങ്വി അപ്പോൾ അറിഞ്ഞിരുന്നില്ല. കമ്പനിയിലെ ആത്മാർത്ഥയായ ജീവനക്കാരി എന്ന് സിങ്വി വിശേഷിപ്പിച്ച അതേ വ്യക്തി തന്നെയാണ് ഇപ്പോൾ കമ്പനിയിൽ നിന്നും 31 ലക്ഷം തട്ടിയ കേസിൽ പ്രതി സ്ഥാനത്ത് നിൽക്കുന്നതും.
റീഫണ്ടിനായി ഊബർ കസ്റ്റമർ കെയറിൽ വിളിച്ചു; ഡൽഹി സ്വദേശിക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച് ആർ മാനേജരാണ് മെഹുൽ സിങ്വി. 31 ലക്ഷം രൂപ തട്ടിയ കേസിൽ സ്ഥാപനത്തിലെ ജീവനക്കാരി രജനി ശർമയെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
കൊറോണ സമയത്ത് സ്ഥാപനത്തിന്റെ എല്ലാ മേഖലയിലും വേണ്ടത്ര ജീവനക്കാർ ഇല്ലാതിരുന്ന സമയത്താണ് എച്ച് ആർ മേഖലയിൽ ജോലി ചെയ്തിരുന്ന രജനിക്ക് സിങ്വി സ്ഥാപനത്തിന്റെ അക്കൗണ്ട് ഡിപ്പാർട്ട്മെന്റിലും ചുമതലകൾ നൽകുന്നത്. രജനിയുടെ പ്രവർത്തന മികവും ആത്മാർത്ഥതയും അത്രത്തോളമായിരുന്നു എന്ന് സിങ്വി പറയുന്നു. അക്കൗണ്ട് ഡിപ്പാർട്മെന്റിലെ ചുമതലകൾ ഏൽപ്പിച്ചുകൊണ്ട് കമ്പനിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളുടെ രേഖകളും, ബാങ്ക് വിവരങ്ങളും, പാസ്സ്‌വേർഡുകളും കൂടാതെ സിങ്വിയുടെ അക്കൗണ്ട് പാസ്സ്‌വേർഡുകളും, ഒ ടി പി കൾ എടുക്കാനുള്ള വഴികളും വരെ സിങ്വി രജനിക്ക് കൈമാറി.
ഇൻകം ടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനിടെയാണ് സെപ്റ്റംബറിൽ അക്കൗണ്ട് ഡിപ്പാർട്മെന്റിലെ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥൻ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചത്. അന്വേഷണത്തിൽ 31 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തി. തുടർ അന്വേഷണത്തിൽ ഈ പണം രജനിയുടെയും അവരുടെ അമ്മയുടെയും ജോയിന്റ് അക്കൗണ്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്തിരിക്കുന്നത് എന്ന് കണ്ടെത്തി.
സംഭവത്തെ തുടർന്ന് കമ്പനിയുടെ കഴിഞ്ഞ അഞ്ചു വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ സിങ്വി തീരുമാനിച്ചു. യുവതി 31 ലക്ഷത്തിലുമേറെ തുക വെട്ടിച്ചു എന്നാണ് തെളിവുകൾ പരിശോധിച്ച പോലീസ് പറയുന്നത്. സിങ്വിയുടെ പരാതിയിൽ, രജനിക്കുമേൽ സെക്ഷൻ 408 ( വിശ്വാസ വഞ്ചന ) ഐ പി സി 420 തുടങ്ങിയ വകുപ്പുകൾ ചുമത്തി സാന്റാക്രൂസ് പോലീസ് കേസെടുത്തു.