ഉഡുപ്പിയിൽ എയർ ഹോസ്റ്റസിനെയും കുടുംബാംഗങ്ങളെയും കൊന്നത് എയർ ഇന്ത്യ ക്യാബിൻ ക്രൂ; കാരണങ്ങൾ പലതെന്ന് പോലീസ്


കർണാടകയിലെ ഉടുപ്പിയിൽ എയർ ഹോസ്റ്റസിനെയും കുടുംബാം​ഗങ്ങളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ എയർ ഇന്ത്യ ക്യാബിൻ ക്രൂ പോലീസ് പിടിയിൽ. നവംബർ 12 ന് പുലർച്ചെയാണ് എയർ ഇന്ത്യയിലെ എയർഹോസ്റ്റസ് ട്രെയിനി അയ്നാസ് മുഹമ്മദ് (21), അമ്മ ഹസീന എം (47), മൂത്ത സഹോദരി അഫ്നാൻ (23), സഹോദരൻ അസീം (14) എന്നിവരെ പ്രതി ഇവരുടെ വീട്ടിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ 39 കാരനായ പ്രവീൺ അരുൺ ചൗഗുലെയെ അറസ്റ്റ് ചെയ്തതായി ഉടുപ്പി പോലീസ് അറിയിച്ചു. പ്രവീൺ വിവാഹിതനാണെന്നും ഇയാൾ‍ക്ക് കുട്ടികളുണ്ടെന്നും പോലീസ് പറഞ്ഞു.

”ഞങ്ങൾക്ക് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. ഇന്നലെ ഉഡുപ്പി പോലീസ്, കുടച്ചി പോലീസ് പരിധിയിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോൾ കൊലപാതകം നടത്തിയത് ഇയാൾ തന്നെയാണെന്ന് സമ്മതിച്ചു. അറസ്റ്റ് നടപടികൾ പൂർത്തിയായി”, ഉഡുപ്പി പോലീസ് സൂപ്രണ്ട് ഡോ അരുൺ കെ പറഞ്ഞു.

താൻ ഐനാസിനെ മാത്രം കൊലപ്പെടുത്താനാണ് ഉദ്ദേശിച്ചതെന്നും എന്നാൽ തടയാൻ ശ്രമിച്ച മറ്റുള്ളവരെക്കൂടി കൊല്ലുകയായിരുന്നുവെന്നും പ്രവീൺ പറഞ്ഞു.

എയർഹോസ്റ്റസ് താമസിച്ചിരുന്ന നെജാരു ഗ്രാമത്തിലെ വീട്ടിലേക്ക് പ്രതി തന്റെ വാഹനത്തിൽ എത്തിയതായി ഒരു ഓട്ടോറിക്ഷ ഡ്രൈവർ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. പ്രദേശത്തെ പല സിസിടിവികളിലും പ്രവീണിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. സംശയം തോന്നിയ പലരുടെയും ലിസ്റ്റ് പോലീസ് തയ്യാറാക്കിയിരുന്നു. ഒടുവിൽ പ്രവീണിലേക്ക് അന്വേഷണം നീളുകയായിരുന്നു.

Also read-വീട്ടിലേക്ക് ഓടിക്കയറിയ അജ്ഞാതൻ വീട്ടമ്മയേയും മൂന്നുമക്കളേയും കുത്തി കൊലപ്പെടുത്തി; ഭർതൃമാതാവ് ഗുരുതരാവസ്ഥയിൽ

കുറ്റകൃത്യം നടക്കുമ്പോൾ പ്രവീണിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നെന്നും ചൊവ്വാഴ്ചയാണ് വീണ്ടും ഓണാക്കിയതെന്നും പോലീസ് കണ്ടെത്തിയതോടെ ഇയാളെക്കുറിച്ചുള്ള സംശയം ബലപ്പെട്ടു. കൊലപാതകത്തിന് മുമ്പും ശേഷവും ഉഡുപ്പിയിൽ വെച്ച് പ്രവീൺ ചൗഗുലെയെ കണ്ട സാക്ഷികളുടെ മൊഴി കൂടി ലഭിച്ചതോടെ പോലീസ് പ്രവീണിനെ തിരയാൻ ആരംഭിച്ചു.

പ്രവീണിന്റെ സഹപ്രവർ‍ത്തകയായിരുന്നു കൊല്ലപ്പെട്ട അയ്നാസ് മുഹമ്മദ്. അയ്നാസിന്റെ കാര്യത്തിൽ പ്രവീൺ വളരെയധികം ‘പൊസസീവ്’ ആയിരുന്നു എന്നും ഇയാൾ നൽകിയ മൊഴികളിൽ ചിലത് കുടുംബത്തിന്റെ സൽപേരിനെ ബാധിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് പറഞ്ഞു.

എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂവായി മംഗളൂരു വിമാനത്താവളത്തിൽ ജോലി ചെയ്യുകയായിരുന്നു പ്രവീൺ. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ ഇയാൾ വർഷങ്ങളായി ഇവിടെയാണ് താമസം. ഇയാൾ വിവാഹിതനാണെന്നും കുട്ടികൾ ഉണ്ടെന്നും ഉഡുപ്പി എസ്പി പറഞ്ഞു. എയർ ഇന്ത്യയിലെ ജോലിക്കു മുൻപ് താൻ മഹാരാഷ്ട്ര പോലീസിൽ കുറച്ചുകാലം പ്രവർത്തിച്ചിരുന്നതായും പ്രവീൺ മൊഴി നൽകിയിട്ടുണ്ട്. ”ഇയാൾ അവകാശപ്പെട്ടതുപോലെ മഹാരാഷ്ട്ര പോലീസിൽ ഉണ്ടായിരുന്നോ എന്ന കാര്യം പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. ഇയാൾ മുമ്പ് കൊല്ലപ്പെട്ടുവരുടെ വീട്ടിൽ പോയിരുന്നോ എന്ന കാര്യവും ഞങ്ങൾ പരിശോധിച്ചുവരികയാണ്. കൊലയാളിയെ പിടിക്കുക എന്നതായിരുന്നു ഞങ്ങളുടെ ആദ്യത്തെ ലക്ഷ്യം. കേസിന്റെ മറ്റ് പല വശങ്ങളും ഇനിയും പരിശോധിക്കാനുണ്ട്”, ഉഡുപ്പി പോലീസ് സൂപ്രണ്ട് ഡോ അരുൺ കെ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.