നാല് പേരുടെ മരണത്തിനിടയാക്കിയ കളമശ്ശേരി സ്ഫോടനത്തിൽ നിർണായക തെളിവുകൾ പ്രതി ഡൊമനിക് മാർട്ടിന്റെ വാഹനത്തിൽ നിന്ന് കണ്ടെടുത്തു. സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ ആണ് കണ്ടെടുത്തത്. ഓറഞ്ച് നിറത്തിലുള്ള റിമോട്ടിൽ എ ബി എന്ന രേഖപ്പെടുത്തിയ രണ്ട് സ്വിച്ചുകളുണ്ട്.
ഈ റിമോട്ടുകൾ ഉപയോഗിച്ചാണ് കളമശ്ശേരിയിൽ മാർട്ടിൻ സ്ഫോടനം നടത്തിയത്.
വെള്ള കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു റിമോട്ടുകൾ . സ്ഫോടനത്തിന് ശേഷം വാഹനത്തിൽ കൊടകര പോലീസ് സ്റ്റേഷനിൽ എത്തിയ മാർട്ടിൻ വാഹനത്തിനുള്ളിൽ റിമോട്ടുകൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. കൊടകര പോലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെടുത്തത്.
ഇക്കഴിഞ്ഞ ഒക്ടോബർ 29ന് രാവിലെ 9.30 യോടെ കളമശേരി സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍റില്‍ നടന്ന യഹോവ സാക്ഷികളുടെ കൺവൻഷനിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കുമ്പോള്‍ രണ്ടായിരത്തിലധികം പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഹാളിന്റെ മധ്യത്തിലാണ് സ്ഫോടനം നടന്നത്. പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഫോടനം നടന്നു. നാല് പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.