യുക്രേനിയന്‍ വനിതയ്ക്ക് ഇന്ത്യയില്‍ ബിസിനസ്; മുംബൈ സ്വദേശിക്ക് നഷ്ടമായത് 3.3 കോടി രൂപ


ബിസിനസ് തുടങ്ങാന്‍ യുകേനിയന്‍ സ്ത്രീയെ സഹായിച്ച മുംബൈ സ്വദേശിയായ ബിസിനസുകാരന് 3.3 കോടി രൂപ നഷ്ടമായി. ബിസിനസ് ഇടപാടുകാര്‍ എന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ വ്യവസായിയെ ബന്ധപ്പെട്ടത്. യുവതി യുക്രെയ്നിൽ നിന്ന് പണം അടങ്ങിയ പെട്ടി ഇന്ത്യയിലേക്ക് അയക്കാമെന്ന് അവര്‍ വ്യവസായിക്ക് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥനായ 75-കാരനാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. എസേമ എന്ന പേരുള്ള യുക്രേനിയന്‍ സ്ത്രീയുടെ പേരിലാണ് തട്ടിപ്പുകാര്‍ തന്നെ സമീപിച്ചതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ അദ്ദേഹം ആരോപിച്ചു.

ഇന്ത്യയില്‍ ബിസിനസ് തുടങ്ങാന്‍ ലക്ഷ്യമിട്ടാണ് പണം ചോദിച്ചതെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു. യുക്രെയ്നില്‍ നടക്കുന്ന യുദ്ധത്തില്‍ തന്റെ ബിസിനസ് തകര്‍ന്നുപോയെന്നും അതിനാല്‍ ഇന്ത്യയില്‍ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നതായും യുവതി വ്യവസായിയെ വിശ്വസിപ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു വ്യക്തമാക്കുന്നു. തുടക്കത്തില്‍ വ്യവസായിയുടെ സ്ഥാപനത്തില്‍ നിന്ന് മെഷിനറി ഉപകരണങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ച് അന്വേഷിച്ചാണ് വിളിച്ചത്. പിന്നീട് ബിസിനസ് പങ്കാളിത്തത്തിലേര്‍പ്പെടാന്‍ അവര്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ഒരു പെട്ടിയില്‍ 9.7 ലക്ഷം ഡോളര്‍ അയക്കുമെന്ന് യുവതി വ്യവസായിക്ക് ഉറപ്പുനല്‍കി.

Also read-പാഴ്സലില്‍ വ്യാജപാസ്പോര്‍ട്ടും എംഡിഎംഎയും; ‘കസ്റ്റംസ് ഉദ്യോ​ഗസ്ഥര്‍’ വഴി ചാർട്ടേർഡ് അക്കൗണ്ടന്‍റിന് നഷ്ടമായത് 2 കോടി രൂപ

ഇത് ഏകദേശം 8 കോടി രൂപയോളം വരും. കൊറിയറായി അയക്കുന്ന പണത്തിന്റെ ട്രാക്കിങ് ഐഡി നമ്പര്‍ പോലും അവര്‍ അയച്ചു നല്‍കിയിരുന്നു. എന്നാല്‍, കുറച്ചുദിവസങ്ങള്‍ക്കുശേഷം ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍വെച്ച് പണമടങ്ങിയ പെട്ടി അധികൃതര്‍ പിടിച്ചെടുത്തുവെന്ന് പറഞ്ഞ് വ്യവസായിക്ക് ഫോണ്‍ കോള്‍ ലഭിച്ചു. പെട്ടി ലഭിക്കുന്നതിന് വ്യവസായി വിവിധ ഫീസുകള്‍ അടയ്ക്കാനും നിര്‍ദേശിച്ചു. യുവതി നിര്‍ദേശിച്ചത് അനുസരിച്ച് 101 വ്യത്യസ്ത അക്കൗണ്ട് നമ്പറുകളിലേക്ക് പണം അയച്ചു നല്‍കി. ഈ ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ മുഴുവനും ഇന്ത്യയില്‍ ഉള്ളവയായിരുന്നു.

വ്യവസായിയോട് തുക അയക്കാന്‍ യുവതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. നിയമനടപടി എടുക്കുമെന്ന് ഭീഷണിപ്പെടുത്തി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും അജ്ഞാതമായ അക്കൗണ്ടുകളിലേക്ക് വിവിധ ഫീസുകളും അയച്ചു നല്‍കാനും ആവശ്യപ്പെട്ടു. ഇതിന് പുറമെ ആദായനികുതി അടച്ച റിപ്പോര്‍ട്ടുകളും പവര്‍ ഓഫ് അറ്റോര്‍ണിയും ഇന്‍ഷുറന്‍സ് രേഖകളും മറ്റ് ചില സര്‍ട്ടിഫിക്കറ്റുകളും കൊടുക്കണമെന്നും വ്യവസായിയോട് ആവശ്യപ്പെട്ടു. എട്ടുമാസത്തോളം തട്ടിപ്പുകാര്‍ വ്യവസായിയെ ഭീഷണിപ്പെടുത്തി 3.3 കോടി രൂപ തട്ടിയെടുത്തു. എന്നാല്‍, വ്യവസായിക്ക് വാഗ്ദാനം ചെയ്ത 8 കോടി രൂപ ലഭിച്ചതുമില്ല. തട്ടിപ്പുകാര്‍ പതിയെ വ്യവസായിയുമായുള്ള ആശയവിനിമയം അവസാനിപ്പിക്കുകയും ചെയ്തു.

Also read- വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽനിന്നു പണം തട്ടിയ കേസിൽ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

ഇതിന് മുമ്പും വിദേശത്തുള്ളവര്‍ പണം വാഗ്ദാനം ചെയ്ത് സൈബര്‍ തട്ടിപ്പ് നടത്തിയ കേസുകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതിയുടെ പേരില്‍ സൈബര്‍ തട്ടിപ്പുകാര്‍ വ്യവസായിയില്‍ നിന്ന് പണം തട്ടുകയായിരുന്നു. തട്ടിപ്പു നടത്താന്‍ ലക്ഷ്യമിടുന്നവരുമായി ബന്ധപ്പെടാന്‍ വാട്ട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമ അക്കൗണ്ടുകളാണ് ഉപയോഗപ്പെടുത്തുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇമെയിലും ഒരു പ്രധാനമാര്‍ഗമായി തുടരുന്നു. വേഗത്തില്‍ പണം വേണമെന്നും വ്യക്തിപരമായ വിവരങ്ങള്‍ ആവശ്യപ്പെടുന്നതുമായ ഇമെയിലുകള്‍ക്ക് മറുപടി നല്‍കരുത്.

പണം ലഭിക്കുന്നതിന് യുആര്‍എല്ലില്‍ ക്ലിക്ക് ചെയ്യാന്‍ ആയിരിക്കും മിക്കപ്പോഴും ആവശ്യപ്പെടുക. നിയമാനുസൃതമായ വെബ്സൈറ്റുകളില്‍ നിന്ന് വരുന്നവരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ തട്ടിപ്പുകാര്‍ പലപ്പോഴും ലിങ്കുകള്‍ മറച്ചുവയ്ക്കും. അജ്ഞാതരായ ആളുകളില്‍ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങള്‍ അവഗണിക്കുക. തട്ടിപ്പുകാര്‍ മിക്കപ്പോഴും ഇരയുടെ കംപ്യൂട്ടറിലേക്ക് മാല്‍വെയര്‍ അയക്കാറുണ്ട്. ഇത് വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഇടയാക്കിയേക്കും. സംശയാസ്പദമായി വരുന്ന ഇ-മെയിലുകളെക്കുറിച്ച് ബന്ധപ്പെട്ട അധികൃതരെ അറിയിക്കുക. തട്ടിപ്പെന്ന് സൂചിപ്പിക്കുന്ന മെയില്‍ ലഭിച്ചാല്‍ അത് ഫെഡറല്‍ ട്രേഡ് കമ്മീഷനില്‍ റിപ്പോര്‍ട്ടു ചെയ്യുക.