35 കാരിയായ അധ്യാപികയ്ക്ക് 20കാരനുമായുള്ള ലൈംഗികബന്ധത്തിന്റെ ഫലം അറിയാവുന്നതല്ലേ? ബലാത്സംഗകേസിൽ കോടതി
അധ്യാപികയായ 35കാരിയെ ഭർത്താവായ 20കാരൻ ബലാത്സംഗം ചെയ്തുവെന്ന കേസിൽ യുവാവിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ കുറ്റക്കാരന്റെ പ്രായവും അധ്യാപികയുടെ പ്രായവും, അറിവും കോടതി കണക്കിലെടുത്തു. ബലാത്സംഗവും ക്രിമിനൽ ഗൂഢാലോചനയുമാണ് യുവാവിനെതിരെ ചുമത്തിയ കുറ്റങ്ങൾ. എന്നാൽ കുറ്റത്തിന്റെ തീവ്രതയും ഹീനതയും കണക്കിലെടുത്തുകൊണ്ട് തന്നെ പ്രതിയെ കോടതി മുൻകൂർ ജാമ്യത്തിൽ വിട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രോസിക്യൂഷൻ വാദം കേട്ട കോടതി ഗുരു ശിക്ഷ്യ ബന്ധവും പരാതിക്കാരിയുടെ വിദ്യാഭ്യാസവും കണക്കിലെടുത്തു. പരാതിക്കാരിയായ സ്ത്രീയ്ക്ക് ഉന്നതവിദ്യാഭ്യാസവും മികച്ച ജോലിയുമുണ്ട്. ഇവർ മാർക്കറ്റിംഗിൽ പിഎച്ച്ഡി ബിരുദധാരിയാണ്. ഗുർഗോണിലെ അംഗീകാരമുള്ള ഒരു യൂണിവേഴ്സിറ്റിയിൽ അധ്യാപികയുമാണ്. എന്നാൽ കുറ്റാരോപിതനായ വ്യക്തിയ്ക്ക് ഒരു ഡിഗ്രി പോലുമില്ല. പരാതിക്കാരിയായ അധ്യാപികയുടെ കീഴിൽ പഠിക്കുകയായിരുന്നു പ്രതിയെന്ന് സിംഗിൾ ബെഞ്ച് ജഡ്ജിയായ സൗരഭ് ബാനർജി പറഞ്ഞു.
2022 ഫെബ്രുവരിയിൽ ഗുർഗോണിലെ കോളേജിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പരാതിക്കാരി അവിടെ പഠിപ്പിക്കുകയും പ്രതിയാക്കപ്പെട്ട യുവാവ് അവരുടെ വിദ്യാർത്ഥിയുമായിരുന്നെന്ന് എഫ്ഐആറിൽ ചേർത്തിട്ടുണ്ട്. ആ വർഷം മെയ് മാസത്തിൽ കോളേജിന്റെ ഒരു ഔദ്യോഗിക യാത്രയിൽ വച്ച് ഇരുവരും ഒരു അമ്പലത്തിൽ വച്ച് വിവാഹം കഴിക്കുകയായിരുന്നു. ഭാവിയിൽ എല്ലാവരുടെയും മുന്നിൽ വച്ച് വിവാഹം ചെയ്യാമെന്ന് പ്രതി വാക്ക് കൊടുത്തതായും എഫ്ഐആറിൽ പറയുന്നു.
എന്നാൽ പിന്നീട് യുവാവ് വിവാഹത്തിന് തയ്യാറായില്ലെന്നും സ്ത്രീയെ രണ്ടു തവണ ഗർഭിണിയാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. ഏപ്രിലിലും ജൂണിലും ഗർഭിണിയായ യുവതിയെ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും പറയുന്നു. യുവാവും യുവാവിന്റെ വീട്ടുകാരും ചേർന്നാണ് ഇതിന് നിർബന്ധിച്ചതെന്ന് അധ്യാപിക മൊഴി നൽകി.
ഇത്തരം ഒരു ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രശ്ങ്ങൾ ഉന്നത വിദ്യാഭ്യസമുള്ള പരാതിക്കാരി മനസ്സിലാക്കേണ്ടിയിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. അപേക്ഷകന് 20 വയസ്സ് പ്രായം മാത്രമാണ് ഉണ്ടായിരുന്നത്. കൂടാതെ വിവാഹത്തിന് ശേഷം ഒരു വർഷത്തിൽ കൂടുതൽ ഒരുമിച്ച് താമസിക്കുകയും ചെയ്തു. പരാതിക്കാരിയുടെ വിദ്യാഭ്യാസവും പ്രതിയുടെ പ്രായവും കോടതി മുഖ്യ പരിഗണയിലെടുത്തു.
പ്രഥമദൃഷ്ടിയിൽ പരാതിക്കാരി യുവാവുമായി ബന്ധത്തിലേർപ്പെട്ടത് നിർബന്ധം കൊണ്ടല്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. എഫ്‌ഐആർ ഫയൽ ചെയ്തതിലെ കാലതാമസത്തെക്കുറിച്ചും കോടതി ചോദ്യം ചെയ്തു.