കർണാടകയിലെ പോലീസ് കോൺസ്റ്റബിൾ സംശയത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി. മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊലപാതകം. പ്രതിബ (24) ആണ് കൊല്ലപ്പെട്ടത്. 11 ദിവസങ്ങൾക്കു മുൻപാണ് പ്രതിബ ഒരു ആൺകുഞ്ഞിന് ജൻമം നൽകിയത്. പ്രതിബയുടെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു സംഭവം. കേസിൽ 32 കാരനായ പ്രതി കിഷോറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉടൻ ഇയാളെ കസ്റ്റഡിയിൽ എടുക്കുമെന്നും പോലീസ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെയാണ് കിഷോർ ബംഗ്ലൂരിലെ ഹൊസ്‌കോട്ടിനടുത്തുള്ള ഭാര്യ വീട്ടിലെത്തി കൃത്യം നടത്തിയത്. പ്രസവശേഷം പ്രതിബ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.
ബിഇ കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ പ്രതിബ 2022 നവംബറിലാണ് കോലാർ ജില്ലയിലെ വീരപുര സ്വദേശിയായ കിഷോറിനെ വിവാഹം ചെയ്തത്. പ്രതിബയുടെ സ്വഭാവത്തിൽ കിഷോർ സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും യുവതിയുടെ ഫോൺ കോളുകളും മെസേജുകളും പരിശോധിച്ചിരുന്നുവെന്നും പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച വൈകുന്നേരം ഇതേച്ചൊല്ലി കിഷോറും പ്രതിബയും തമ്മിൽ, ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ഇത് പ്രതിബയെ വിഷമിപ്പിച്ചെന്നും മകൾ കരയുന്നതു കണ്ട് താൻ ഫോൺ വാങ്ങി കട്ട് ചെയ്തെന്നും പ്രതിബയുടെ അമ്മ പോലീസിനെ അറിയിച്ചു. ഇപ്പോൾ കുഞ്ഞിന്റെ കാര്യം മാത്രം നോക്കാനും കിഷോറിന്റെ കോളുകൾ എടുക്കേണ്ടെന്നും അമ്മ പ്രതിബയെ ഉപദേശിക്കുകയും ചെയ്തു.
Also read-35 കാരിയായ അധ്യാപികയ്ക്ക് 20കാരനുമായുള്ള ലൈംഗികബന്ധത്തിന്റെ ഫലം അറിയാവുന്നതല്ലേ? ബലാത്സംഗകേസിൽ കോടതി
എന്നാൽ, കിഷോർ അന്നു രാത്രി തന്നെ 150 തവണ വിളിച്ചതായി അടുത്ത ദിവസം രാവിലെ പ്രതിബ മാതാപിതാക്കളോട് പറഞ്ഞിരുന്നു. പ്രതിബയുടെ അമ്മ ടെറസിലേക്ക് പോയ സമയത്താണ് കിഷോർ വീട്ടിലെത്തിയത്. വാതിൽ അകത്തു നിന്ന് പൂട്ടുകയും ചെയ്തു. കിഷോർ അകത്തു കടന്ന സമയത്ത്, വീടിനകത്ത് പ്രതിബയും കുഞ്ഞും തനിച്ചായിരുന്നു. കിഷോർ ആദ്യം സ്വയം കീടനാശിനി കഴിച്ചെന്നും തുടർന്ന് ഷോൾ ഉപയോഗിച്ച് പ്രതിബയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്.
പ്രതിബയുടെ അമ്മ ടെറസിൽ നിന്ന് തിരിച്ചെത്തിയപ്പോൾ വാതിൽ അകത്തു നിന്നും പൂട്ടിയിരിക്കുന്നതായി കണ്ടു. ഇവർ വാതിലിൽ മുട്ടിയെങ്കിലും അകത്തു നിന്നും ആദ്യം പ്രതികരണമുണ്ടായില്ല. എന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്നു സംശയം തോന്നിയതിനെത്തുടർന്ന് അമ്മ വീണ്ടും വാതിലിൽ മുട്ടിക്കൊണ്ടിരുന്നു. 15 മിനിറ്റിനു ശേഷമാണ് കിഷോർ വാതിൽ തുറന്നത്. ”ഞാൻ അവളെ കൊന്നു, ഞാൻ അവളെ കൊന്നു”, എന്നു പറഞ്ഞ് കിഷോർ സംഭവ സ്ഥലത്തു നിന്നും ഓടിപ്പോകുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കിഷോറിനെ പിന്നീട് കോലാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിബയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹൊസ്‌കോട്ട് പോലീസ് കിഷോറിനെതിരെ കേസെടുത്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ കിഷോറിന്റെ അമ്മ തന്റെ മകളെ പീഡിപ്പിച്ചിരുന്നതായും പ്രതിബയുടെ പിതാവ് പരാതിയിൽ പറഞ്ഞിട്ടുണ്ട്. പോലീസ് കിഷോറിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായും ഡിസ്ചാർജ് ചെയ്ത ശേഷം കസ്റ്റഡിയിലെടുക്കുമെന്നുമാണ് റിപ്പോർട്ട്.