അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്റര്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും സസ്പെന്‍ഷന്‍
കോട്ടയത്ത് സ്കൂള്‍ അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് പിടിയിലായ ഹെഡ്മാസ്റ്റര്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും സസ്പെന്‍ഷന്‍. കോട്ടയം ചാലുകുന്ന് സിഎൻഐ എൽപി സ്‌കൂൾ ഹെഡ്‌മാസ്റ്റർ സാം ജോൺ ടി തോമസ്, കോട്ടയം വെസ്റ്റ് എ.ഇ.ഒ മോഹന്‍ദാസ് എം.കെ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ പ്രാഥമികാന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസിന് നിര്‍ദേശം നല്‍കിയിരുന്നു.
വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മറ്റൊരു സ്‌കൂളിലെ അധ്യാപികയുടെ സർവീസ് റെഗുലറൈസ് ചെയ്തു കൊടുക്കുന്നതിനായി എഇഒയ്ക്ക് നൽകുന്നതിനെന്ന പേരിലാണ് ഹെഡ്‌മാസ്റ്റർ സാം ജോൺ ടി തോമസ് 10000 രൂപ കൈക്കൂലി വാങ്ങിയത്. ഇതിനിടെയിലാണ് വിജിലൻസ് സംഘം ഇദ്ദേഹത്തെ പിടികൂടിയത്.
പരാതിക്കാരിയായ അധ്യാപികയുടെ സേവനകാലാവധി റെഗുലറൈസ് ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവ ്പ്രകാരം എഇഒയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. എഇഒയ്ക്ക് പണം നല്‍കി ഇത് വേഗത്തില്‍ ശരിയാക്കാമെന്ന് പറഞ്ഞാണ് ചാലുകുന്ന് സിഎൻഐ എൽപി സ്‌കൂൾ ഹെഡ്‌മാസ്റ്റർ സാം ജോൺ ടി തോമസ് അധ്യാപികയോട് കൈക്കൂലി ആവശ്യപ്പെട്ടത്.
കൈക്കൂലി ആവശ്യപ്പെട്ട വിവരം കോട്ടയം സ്വദേശിയായ അധ്യാപിക വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഫിനോഫ്‌തലിൻ പൗഡർ പുരട്ടിയ പണം നൽകി പ്രതിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് പണവും കണ്ടെടുത്തു. സംഭവത്തില്‍ കോട്ടയം വെസ്റ്റ് എ.ഇ.ഒ മോഹന്‍ദാസിനും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും ഇത് സംബന്ധിച്ചുള്ള പരിശോധനകള്‍ ഇനിയും ഉണ്ടാകുമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ നീരീക്ഷണത്തിലാണെന്ന് ഓര്‍ക്കുന്നത് നന്നാവുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.