തിരുവനന്തപുരം: കല്യാണം നടത്തിയതിന്‍റെ ഫീസ് ചോദിച്ചതിന് ബ്രോക്കറുടെ തലയടിച്ച് പൊട്ടിച്ച സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിലായി. തിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണ് സംഭവം. വധശ്രമ കേസിലാണ് അരിവാളം സ്വദേശികളായ ഷക്കീര്‍, റിബായത്ത്, നാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
റിബായത്തിന്റെ മകന്റെ കല്യാണം നടത്തിയത് കല്യാണ ബ്രോക്കറായ റീസലായിരുന്നു. കല്യാണത്തിന് ശേഷം റീസല്‍ ബ്രോക്കർ ഫീ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫീസ് നല്‍കാൻ സഹോദരങ്ങളായ ഷക്കീര്‍, റിബായത്ത്, നാസ് എന്നിവര്‍ തയ്യാറായില്ല. ഇതേത്തുടർന്നുള്ള വാക്കുതർക്കത്തിനൊടുവിൽ മൂന്നുപേരും ചേർന്ന് റീസലിനെ ആക്രമിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നടുറോഡിൽവെച്ച് റീസലിനെ ഷക്കീര്‍, റിബായത്ത്, നാസ് എന്നിവർ ചേർന്ന് മർദിച്ചത്. ആക്രമണത്തിൽ റീസലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതോടെ ഇയാളെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിനിടെ റീസൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. വധശ്രമം ഉൾപ്പടെ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.