70,000 രൂപയ്ക്ക് ‘വാങ്ങിയ’ ഭാര്യ ഇടയ്ക്കിടെ വീടുവിട്ട് പോകും; കൊന്ന് വനത്തിൽ ഉപേക്ഷിച്ച് ഭർത്താവ്


ബിഹാറിലെ പാറ്റ്‌നയില്‍ നിന്ന് 70,000 രൂപയ്ക്കു ‘വാങ്ങിയ’ ഭാര്യയെ ഡല്‍ഹി സ്വദേശിയായ ഭർത്താവ് കൊലപ്പെടുത്തി. പ്രതി ധരംവീറിനെയും കൊലപാതകത്തിന് ഇയാളെ സഹായിച്ച അരുണ്‍, സത്യവാന്‍ എന്നിവരെയും അറസ്റ്റ് ചെയ്തതായി പോലീസ് ബുധനാഴ്ച അറിയിച്ചു. ഭാര്യയുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതിനാല്‍, അവരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വനപ്രദേശത്ത് തള്ളുകയായിരുന്നു. ഡല്‍ഹിയിലെ തെക്ക് പടിഞ്ഞാറന്‍ മേഖലയായ ഫത്തേഹ്പുര്‍ ബേരിയ്ക്ക് സമീപമുള്ള വനത്തിലാണ് ഭാര്യയുടെ മൃതദേഹം ഇയാള്‍ ഉപേക്ഷിച്ചത്.

ഫത്തേഹ്പുര്‍ ബേരിയിലെ ഝീല്‍ ഖുര്‍ദ് അതിര്‍ത്തിക്കു സമീപമുള്ള വനത്തില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടതായി ശനിയാഴ്ചയാണ് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവിടെയത്തിയ പോലീസ് മൃതദേഹം ഏറ്റെടുക്കുകയായിരുന്നുവെന്ന് ഡിസിപി ചന്ദന്‍ ചൗധരി പറഞ്ഞു.

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ 1.40-ന് ഒരു ഓട്ടോറിക്ഷ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തി. ഓട്ടോ കടന്നുപോയ വഴി ട്രാക്ക് ചെയ്യുകയും രജിസ്‌ട്രേഷന്‍ നമ്പര്‍ തിരിച്ചറിയുകയും ചെയ്തു. ഛത്താര്‍പുര്‍ സ്വദേശിയായ അരുണ്‍ ആണ് ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ എന്ന് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടത് ധരംവീറിന്റെ ഭാര്യ സ്വീറ്റിയാണെന്ന് അരുണ്‍ പറഞ്ഞു. സ്വീറ്റിയെ താനും ധരംവീറും സത്യവാനും ചേര്‍ന്ന് ഹരിയാന അതിര്‍ത്തിയില്‍വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചതായും അരുണ്‍ പോലീസിനെ അറിയിച്ചു.

കൊലപാതകം നടത്തിയ സ്ഥലത്തെക്കുറിച്ച് അരുണിന് മുന്‍പരിചയമുണ്ടായിരുന്നതിനാൽ വനപ്രദേശം കൃത്യം നടത്താനായി തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ഡിസിപി പറഞ്ഞു.

ധരംവീറിന് സ്വീറ്റിയുടെ പെരുമാറ്റം ഇഷ്ടമായിരുന്നില്ലെന്നും ഒന്നും പറയാതെ അവര്‍ ഇടയ്ക്കിടയ്ക്ക് വീട് വിട്ട് മാസങ്ങളോളം പോകാറുണ്ടായിരുന്നുവെന്നും അരുണ്‍ പോലീസിനോട് വെളിപ്പെടുത്തി.

കൊലപാതകം നടത്തിയ ഓട്ടോറിക്ഷ പോലീസ് പിടിച്ചെടുത്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.
റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുപോയി വിടാം എന്ന് പറഞ്ഞാണ് സ്വീറ്റിയെ പ്രതികള്‍ ഓട്ടോറിക്ഷയില്‍ കയറ്റിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു.

ഇരയുടെ പരിചയക്കാരന് ധരംവീര്‍ പണം നല്‍കിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍, ധരംവീറിന്റെ വീട്ടില്‍ നിന്ന് സ്വീറ്റി എവിടേക്കാണ് ഇടയ്ക്ക് പോകാറുള്ളതെന്നതില്‍ വ്യക്തതയില്ലെന്നും ഇതില്‍ അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.