ഇന്ത്യക്കാരായ ആണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ കൗമാരക്കാര്‍ക്ക് പണം നല്‍കിയ ബ്രിട്ടീഷ് അധ്യാപകന് 12 വര്‍ഷം തടവ്
ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ കൗമാരക്കാരായ രണ്ട് പേര്‍ക്ക് പണം നല്‍കിയ കേസില്‍ മുന്‍ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹെഡ് അധ്യാപകനായ മാത്യു സ്മിത്തിനെ 12 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഇന്ത്യയിലുള്ള 17 ഉം 18 ഉം വയസ്സുള്ള ആണ്‍കുട്ടികള്‍ക്കാണ് ഇയാള്‍ പണം നല്‍കിയത്. ഏകദേശം 69 ലക്ഷം രൂപയാണ് ഇവര്‍ക്ക് ഇയാള്‍ നല്‍കിയത്.
13 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്നും അതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും തനിക്ക് നല്‍കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. ഈ കുട്ടികളുടെ സ്‌കൂള്‍ ഫീസ് അടയ്ക്കാമെന്നും താന്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് സ്മിത്ത് കോടതിയെ അറിയിച്ചിരുന്നു.
ലണ്ടനിലെ ഡല്‍വിച്ച് സ്വദേശിയാണ് 35കാരനായ സ്മിത്ത്. ഇയാള്‍ക്കെതിരെ നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 13 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി വിതരണം ചെയ്യുക, എന്നതുള്‍പ്പെടെ 22 കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
അമ്മയുടെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത് ഗ്രീന്‍ ചാനലീലൂടെ; 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍
സ്മിത്തില്‍ നിന്നും ഏകദേശം 120,000ലധികം അശ്ലീല ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് ഇന്ത്യയിലെ യുവാക്കളോട് ഇയാള്‍ പറയുന്ന ചാറ്റിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു.
2016 ഡിസംബറിനും 2022 നവംബറിനും ഇടയിലാണ് ഈ കുറ്റകൃത്യങ്ങള്‍ നടന്നത്. 2022 നവംബര്‍ 6നാണ് സ്മിത്തിനെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തത്.
2007നും 2014നും ഇടയില്‍ ഇന്ത്യയിലെ നിരവധി അനാഥാലയങ്ങളിലും എന്‍ജിഒകളിലും സ്മിത്ത് ജോലി ചെയ്തിരുന്നു. 24-ാം വയസ്സില്‍ ഇയാൾ ചെന്നൈയിലേക്ക് താമസം മാറി. അവിടെ ഏകദേശം 3 വര്‍ഷം താമസിച്ചിരുന്നു. തുടര്‍ന്ന് നേപ്പാളിലേക്ക് പോയി. അവിടെ സ്‌കൂളില്‍ ജോലി ചെയ്യുകയായിരുന്നു സ്മിത്ത്. പിന്നീട് 2022 ല്‍ ഇയാൾ യുകെയിലേക്ക് തിരിച്ച് പോകുകയായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് ലണ്ടനിലെ ഒരു പ്രൈമറി സ്‌കൂളില്‍ ഡെപ്യൂട്ടി ഹെഡ് അധ്യാപകനായി ഇയാള്‍ ജോലിയ്ക്ക് കയറിയത്.
കാഠ്മണ്ഡുവില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഇന്ത്യയിലെ ഒരു കൗമാരക്കാരനോട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമായുള്ള ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ അയക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പകരം 7.4 ലക്ഷം രൂപയാണ് ഇയാള്‍ വാഗ്ദാനം ചെയ്തത്. പത്ത് വയസ്സുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ഈ കൗമാരക്കാരന്‍ സ്മിത്തിന് അയയ്ക്കുകയും ചെയ്തിരുന്നു. സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതിയാണ് ഈ കേസിന്റെ വിചാരണ കേട്ടത്.
ഏഴോ എട്ടോ വയസ്സുള്ള ആണ്‍കുട്ടിയെ ദുരുപയോഗം ചെയ്യാന്‍ ഇന്ത്യയിലുള്ള കൗമാരക്കാർക്ക് 62 ലക്ഷം രൂപ സ്മിത്ത് നല്‍കുകയും ചെയ്തിരുന്നു.സ്മിത്തിന്റെ ആവശ്യപ്രകാരം കൗമാരക്കാര്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ കണ്ടെത്തിയാണ് ഇത്തരത്തില്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത്. പകരം ഇവരുടെ സ്‌കൂള്‍ ഫീസ് താന്‍ നല്‍കാമെന്നാണ് സ്മിത്ത് ഇവരോട് പറഞ്ഞിരുന്നതെന്ന് പ്രോസിക്യൂട്ടിംഗ് ഓഫീസറായ മാര്‍ട്ടിന്‍ ഹൂപര്‍ അറിയിച്ചു.
വളരെ അപകടകാരിയാണ് സ്മിത്ത് എന്ന് ജഡ്ജി മാര്‍ട്ടിന്‍ ഗ്രിഫിത്ത് പറഞ്ഞു. 12 വര്‍ഷം തടവാണ് ഇയാള്‍ക്ക് കോടതി വിധിച്ചത്. സ്മിത്തിന്റെ കുറ്റസമ്മതവും പശ്ചാത്താപവും കണക്കിലെടുത്താണ് ശിക്ഷയില്‍ ഇളവ് നല്‍കിയതെന്നും കോടതി അറിയിച്ചു.
അതേസമയം യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് സ്മിത്ത് കോടതിയിലെത്തിയത്. ഇയാളെ ലൈംഗിക കുറ്റവാളികളുടെ പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.