KSRTC ബസിൽ പതിനേഴുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ


പത്തനംതിട്ട: കെഎസ്‌ആര്‍ടിസി ബസില്‍ പതിനേഴുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിലായി. പത്തനംതിട്ട മൈലപ്ര സ്വദേശി പി കെ ഷിജു (42) ആണ് പിടിയിലായത്. തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസിലാണ് സംഭവം.

ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ ബസ് അടൂർ പിന്നിട്ടപ്പോഴാണ് വിദ്യാർഥിയെ ഷിജു ഉപദ്രവിച്ചത്. ആയൂരില്‍ നിന്ന് ബസില്‍ കയറി കോട്ടയത്തേക്ക് പോവുകയായിരുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിയ്ക്കുനേരെയാണ് അതിക്രമമുണ്ടായത്.

അടൂരില്‍ നിന്നും ബസില്‍ കയറിയ ഇയാള്‍ കുട്ടിക്കൊപ്പം ഒരേ സീറ്റിലാണ് ഇരുന്നത്. ബസ് പുറപ്പെട്ട് കുറച്ചുസമയം കഴിഞ്ഞപ്പോൾ മുതൽ ഷിജു വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഉപദ്രവം സഹിക്കാനാവാതെ വന്നതോടെ ചെങ്ങന്നൂരിന് സമീപം വെച്ച്‌ വിദ്യാര്‍ത്ഥി ബഹളംവച്ചു.

Also read- പത്തനംതിട്ടയില്‍ ഏഴാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച രണ്ടാനച്ഛനെതിരെ കേസ്

അതിനിടെ ബസിൽനിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ച ഷിജുവിനെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. തിരുവല്ല പൊലീസാണ് ഷിജുവിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തു.