രുചിവ്യത്യാസം കുടുക്കി; കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ച ഭാര്യ പിടിയില്‍


കാപ്പിയില്‍ വിഷം കലര്‍ത്തി നല്‍കി ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. യു.എസിലെ അരിസോണയിലാണ് സംഭവം. മെലഡി ഫെലിക്കാനോ ജോണ്‍സണ്‍ എന്ന യുവതിയെയാണ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവര്‍ കാപ്പിയില്‍ വിഷം ചേര്‍ത്താണ് ഭർത്താവിന് നൽകിയിരുന്നത്. മാർച്ച് മാസത്തിലാണ് തന്റെ കാപ്പിയിൽ രുചിവ്യത്യാസം യുഎസിലെ എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഭർത്താവ് റോബി ജോൺസൺ കണ്ടെത്തുന്നത്.

തുടര്‍ന്ന് ‘പൂള്‍ ടെസ്റ്റിങ് സ്ട്രിപ്പ്‌സ്’ ഉപയോഗിച്ച് ജോണ്‍സണ്‍ പരിശോധന നടത്തിയതോടെ കാപ്പി തയ്യാറാക്കുന്ന പാത്രത്തില്‍ ഉയര്‍ന്ന അളവില്‍ ക്ലോറിന്റെ സാന്നിധ്യം കണ്ടെത്തി.

പിന്നാലെ വീട്ടിൽ പലയിടത്തായി ഒളിക്യാമറകൾ സ്ഥാപിച്ച റോബി ജോൺസൺ ഭാര്യ കാപ്പിയിൽ വിഷം കലർത്തുന്നത് കണ്ടെത്തുകയായിരുന്നു. പാത്രത്തിൽ ബ്ലീച്ച് നിറയ്ക്കുന്നതും കോഫി മെയ്ക്കറിൽ ഇടുന്നതും ദൃശ്യങ്ങളിൽ കണ്ടെത്തി. ഈ ദൃശ്യങ്ങൾ ഇയാള്‍ പോലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ പിടികൂടി.

തന്‍റെ മരണശേഷം ലഭിക്കുന്ന ആനുകൂല്യങ്ങൾ നേടുന്നതിന് വേണ്ടിയാണ് ഭാര്യ തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്ന് റോബി ജോൺസൺ പോലീസിനോടു പറഞ്ഞു. പ്രതി രാജ്യം വിട്ടേക്കുമെന്ന പ്രോസിക്യൂഷൻ വാദത്തിന് പിന്നാലെ യുവതിയെ അറസ്റ്റ് ചെയ്തു പിമ കൗണ്ടി ജയിലിൽ അടച്ചിരിക്കുകയാണ്. ഇരുവർക്കും ഒരു കുട്ടിയുണ്ട്. വിവാഹബന്ധം വേർപ്പെടുത്താനുള്ള നടപടികളുമായി രണ്ടുപേരും മുന്നോട്ടു പോവുന്നതിനിടെയാണ് കൊലപാതകം ശ്രമം പുറത്തുവന്നത്.