പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിന്‍റെ ഇടുക്കിയിലെ റിസോർട്ട് ഇ.ഡി കണ്ടുകെട്ടി


ഇടുക്കി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ കെ അഷറഫിന്‍റെ റിസോർട്ട് എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇടുക്കി മാങ്കുളത്തെ മൂന്നാർ വില്ല വിസ്ത എന്ന റിസോർട്ടാണ് കണ്ടുകെട്ടിയത്. പോപ്പുലർ ഫ്രണ്ടിനെതിരായുള്ള കള്ളപണ വെളുപ്പിയ്ക്കൽ കേസിന്‍റെ ഭാഗമായാണ് റിസോർട്ട് കണ്ടു കെട്ടിയത്.

മാങ്കുളം വിരിപാറയിൽ, മൂന്നാർ വില്ല വിസ്ത പ്രൈവറ്റ് ലിമിറ്റഡിന് കിഴിലുള്ള 6.75 ഏക്കർ സ്ഥലവും, ഈ ഭൂമിയിലെ നാല് വില്ലകളുമാണ് കണ്ടുകെട്ടിയത്. രണ്ട് കോടി 53 ലക്ഷം രൂപ വിലമതിയ്ക്കുന്ന വസ്തുക്കളാണിവ. പി എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് ആയിരുന്ന എൻ. കെ അഷറഫിന്‍റെ ഉടമസ്തയിലുള്ള വസ്തു, കള്ള പണ വെളുപ്പിക്കലിന്‍റെ ഭാഗമായാണ് നിർമിച്ചതെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ജനുവരിയിൽ സ്ഥാപനം തത്കാലികമായി അറ്റാച്ച് ചെയ്യാനുള്ള നടപടി ആരംഭിച്ചിരുന്നു.

സ്വത്തുവകകൾ കണ്ടുകെട്ടാൻ വിധി നിർണയ അതോറിറ്റി അംഗീകരിച്ചതോടെയാണ് നടപടി. വിദേശത്തുള്ള സ്ഥാപനങ്ങളുടെ മേധാവികളുമായി ബന്ധമുള്ള പി എഫ് ഐ നേതാക്കളും അംഗങ്ങളും ചേർന്ന് പിരിച്ചെടുത്ത പണം വെളുപ്പിക്കാനായാണ് മാങ്കുളത്ത് വില്ല പ്രോജക്റ്റ് ആരംഭിച്ചത്. പ്രോജക്റ്റിനായി കണക്കിൽ പെടാത്ത പണം ഒഴുകി എത്തിയിരുന്നു.

മൂന്നാർ വില്ല വിസ്ത കമ്പനിയുടെ ഓഹരികൾ കൈമാറിയതിലും മറ്റ് കമ്പനികളിലേക്ക് വ്യാജ കൈമാറ്റം നടത്തിയതും കണ്ടെത്തിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലായ എൻ കെ അഷറഫ് ഉൾപ്പടെയുള്ള നേതാക്കൾ ജയിലിലാണ്.