വീട്ടമ്മയുടെ നഗ്ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി; തൃശ്ശൂരിൽ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ


വീട്ടമ്മയുടെ നഗ്ന വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ. തൃശ്ശൂര്‍ ആനക്കല്ല് ഏഴു കമ്പനി സ്വദേശി തോണിവളപ്പിൽ വീട്ടില്‍ അഭിലാഷ് (34) നെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

ആനക്കല്ല് ജംഗ്ഷനിൽ ‘കാരമൽ വെഡിങ്’ എന്ന പേരിൽ സ്റ്റുഡിയോ നടത്തുകയാണ് അഭിലാഷ്. മൂന്നു കൊല്ലം മുമ്പാണ് പരാതിക്കാരിയായ വീട്ടമ്മയുമായി ഇയാൾ ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് സൗഹൃദം മുതലെടുത്ത പ്രതി, വീട്ടമ്മയുടെ സ്വകാര്യ ദൃശ്യം അവരറിയാതെ പകർത്തുകയായിരുന്നു.

അതിനുശേഷം ഈ ദൃശ്യങ്ങൾ കാണിച്ച് വീട്ടമ്മയെ കഴിഞ്ഞ കുറച്ചുനാളായി പ്രതി ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഭീഷണി അസഹ്യമായതോടെ വീട്ടമ്മ ഭർത്താവിനെ വിവരമറിയിച്ച് നെടുപുഴ സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.

ഇയാളിൽ നിന്നും ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്ക് കളും പെൻഡ്രൈവുകളും പോലീസ് പിടിച്ചെടുത്തു. ഐ.ടി ആക്ട് പ്രകാരം ഉള്ള വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.