നവദമ്പതികളുടെ ദൃശ്യം പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത യുവാവ് പിടിയിൽ| Hidden camera in mosquito liquid machine in hotel room Young man arrested for blackmailing newlyweds – News18 Malayalam


മലപ്പുറം: ഹോട്ടൽ മുറിയിലെ കൊതുകുതിരി ലിക്വിഡ് വേപ്പോറൈസർ മെഷീനിൽ ഒളിക്യാമറ വച്ച് നവദമ്പതികളുടെ സ്വകാര്യ ദൃശ്യം പകർത്തി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ ഹോട്ടൽ ജീവനക്കാരനെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചേലേമ്പ്ര മക്കാടംപള്ളി വീട്ടിൽ അബ്ദുൽ മുനീറിനെ (35) ആണ് കോഴിക്കോട്ടുനിന്ന് കഴിഞ്ഞ ദിവസം തിരൂർ പൊലീസ് പിടികൂടിയത്.

കോഴിക്കോട്ടെ ഹോട്ടലിൽ മാസങ്ങൾക്ക് മുമ്പാണ് ദമ്പതികൾ മുറിയെടുത്ത് താമസിച്ചത്. പിന്നീട് പ്രതി സ്വകാര്യദൃശ്യങ്ങൾ കൈവശമുണ്ടെന്നു പറഞ്ഞ് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. തിരൂർ സ്വദേശിയായ യുവാവിന്റെ പരാതിയിൽ അന്വേഷണം നടത്തി പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട്ടുവെച്ച് പൊലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ലാപ്ടോപ്പും ​കൊതുകുതിരി ലിക്വിഡിന്റെ രൂപത്തിലുള്ള ക്യാമറയും പൊലീസ് കണ്ടെടുത്തു.

തിരൂർ സിഐ എം ജെ ജിജോയുടെ നേതൃത്വത്തിൽ എസ് ഐ കെ വി വിപിൻ, സി പി ഒമാരായ ധനീഷ് കുമാർ, അരുൺ, ദിൽജിത്ത്, സതീഷ് കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.