ബ്ലേഡ് അയ്യപ്പൻ പിടിയിൽ; മോഷണം ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച്


എസ്. വിനീഷ്

കൊല്ലം: അമ്പലങ്ങളും പള്ളികളും കേന്ദ്രീകരിച്ചു മോഷണം നടത്തി വന്നയാളെ കൊട്ടാരക്കര പോലീസ് പിടികൂടി. മംഗലപുരം സ്വദേശി ബ്ലേഡ് അയ്യപ്പൻ എന്ന് വിളിക്കുന്ന അയ്യപ്പനെയാണ്‌ പിടികൂടിയത്.സിസിടിവി ദൃശ്യങ്ങളുടെ സഹായത്താലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

കൊട്ടാരക്കര അവണൂർ മുസ്ലിം പള്ളിയിലെ കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണവും, പടിഞ്ഞാറ്റിൻകര അമ്മൻകോവിലിലെ ഓഫീസ് കുത്തിത്തുറന്ന് സ്വർണം കവർന്ന കേസിലും പ്രതിയായ അയ്യപ്പനാണ് പിടിയിലായത്. സി സി ടി വി ദൃശ്യങ്ങളും സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലുമാണ് അയ്യപ്പൻ പിടിയിലായത്. അക്രമണ സ്വഭാവമുള്ള അയ്യപ്പനെ തഴവയിൽ വച്ച് അതി സാഹസികമായാണ് പിടികൂടിയതെന്ന് പോലീസ് പറയുന്നു.

സംസ്ഥാനത്തെ നൂറിലധികം പോലീസ് സ്റ്റേഷനുകളിൽ അയ്യപ്പനെതിരെ മോഷണക്കേസുകൾ നിലവിലുണ്ട്. ബ്ലേഡ് ഉപയോഗിച്ച് ശരീരമാസകലം മുറിവേൽപ്പിക്കുന്ന സ്വഭാവം ഉള്ളതിനാലാണ് ഇയാൾക്ക് ബ്ലേഡ് അയ്യപ്പൻ എന്ന പേര് ലഭിച്ചതെന്ന് പോലീസ് പറയുന്നു.

അമ്മൻ കോവിലിലെ ഗേറ്റിൽ സ്ഥാപിച്ചിരുന്ന ശൂലമറുത്ത് മുസ്ലിം പള്ളിക്കുള്ളിൽ കൊണ്ടിട്ടതും മോഷ്ടാവാണെന്ന് പോലീസ് കണ്ടെത്തി. ദേവാലയങ്ങളിലെ വഞ്ചികൾ കുത്തിപ്പൊളിച്ചു മോഷണം നടത്തുകയാണ് പ്രതിയുടെ രീതി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അയ്യപ്പനെ റിമാൻഡ് ചെയ്തു.