തൃശ്ശൂർ കൊടുങ്ങല്ലൂർ എറിയാടിൽ കഞ്ചാവ് ചെടികളുടെ വൻ ശേഖരം കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലാണ് കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 220 കഞ്ചാവ് ചെടികളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
ഈ പ്രദേശത്ത് വലിയ തോതിൽ കഞ്ചാവ് ശേഖരം ഉള്ളതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഒരാഴ്ച മുൻപ് ഈ പ്രദേശത്തു നിന്നും സമാനമായ രീതിയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയിരുന്നു. അതേസമയം, എരുമക്കോറ പ്രദേശത്ത് മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട പല പ്രതികളും എത്തുന്നതായി എക്സൈസിന് ഇതിനോടകം തന്നെ സൂചന ലഭിച്ചിട്ടുണ്ട്. പ്രതികൾക്കായി മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം എക്സൈസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.