വ്യാജരേഖ ഉപയോഗിച്ച് അഭിഭാഷകയായി പ്രവർത്തിച്ച് തട്ടിപ്പ് നടത്തിയ കുറ്റത്തിന് കേസെടുത്ത സെസി സേവ്യർ കീഴടങ്ങി. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിയിലാണ് സെസി കീഴടങ്ങിയത്. മാസങ്ങളായി സെസി ഒളിവിലായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. യോഗ്യതാ രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന ഇവർക്കെതിരെ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമൻനാണ് പരാതി നൽകിയത്. പ്രസ്തുത പരാതിയിൽ നോർത്ത് പൊലീസ് കേസെടുക്കുകയായിരുന്നു.
ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി. മറ്റൊരാളുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് സെസി എൻറോൾ ചെയ്തതായി രേഖയുണ്ടാക്കിയതെന്നാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇവർ നേരത്തെ കോടതി കമ്മിഷനായും പ്രവർത്തിച്ചിട്ടുണ്ടെണന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പരീക്ഷ ജയിക്കാതെയും എൻറോൾ ചെയ്യാതെയും കോടതിയെയും അഭിഭാഷകരെയും കബളിപ്പിച്ച് രണ്ടര വർഷമായി സെസി ആലപ്പുഴയിൽ പ്രാക്ടീസ് ചെയ്തിരുന്നതായാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്.
മാത്രമല്ല ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ സെസി വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ലൈബ്രേറിയൻ സ്ഥാനത്തേക്ക് സെസി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സെസി 2018ലാണ് ബാർ അസോസിയേഷനിൽ അംഗത്വം നേടിയത്. രണ്ടര വർഷത്തോളമായി ജില്ലാ കോടതിയിൽ ഉൾപ്പെടെ കോടതി നടപടികളിൽ പങ്കെടുക്കുകയും ഒട്ടേറെ കേസുകളിൽ അഭിഭാഷക കമ്മിഷനായി പോകുകയും ചെയ്തിരുന്നത് വളരെ ഗുരുതരമായ സാഹചര്യമായിരുന്നു എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അവിചാരിതമായി 2021ലാണ് സെസിയുടെ യോഗ്യതയെക്കുറിച്ച് ആക്ഷേപം ഉയർന്നത്. തുടർന്ന് 24മണിക്കൂറിനുള്ളിൽ രേഖകൾ ഹാജരാക്കണമെന്ന് ബാർ അസോസിയേഷൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അവർ രേഖകൾ ഹാജരാക്കിയില്ല. ഇവർ നൽകിയ എൻറോൾമെൻ്റ് നമ്പറിൽ സെസി എന്ന പേരുള്ളയാൾ ബാർ കൗൺസിലിന്റെ പട്ടികയിൽ ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനിടെ മറ്റൊരാളുടെ എൻറോൾമെൻ്റ് നമ്പർ കാണിച്ചാണ് ഇവര്‍ പ്രാക്ടീസ് ചെയ്തിരുന്നതെന്നും കണ്ടെത്തി.
ബിരുദം സ്വീകരിച്ചതുമായി ബന്ധപ്പെട്ട നിരവധി കള്ളങ്ങൾ സെസി പറഞ്ഞിരുന്നു. ആദ്യം തിരുവനന്തപുരത്ത് നിയമപഠനം നടത്തിയതായാണ് സെസി പറഞ്ഞിരുന്നത്. പിന്നീട് ബംഗളൂരുവിൽ പഠനം പൂർത്തിയാക്കിയതായി വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ വ്യാജരേഖകൾ ഉപയോഗിച്ചാണ് അഭിഭാഷകയായി മാറിയതെന്ന് കണ്ടെത്തിയത്. തുടർന്ന് അടിയന്തരമായി ബാർ കൗൺസിൽ ഇടപെട്ട് സെസിയെ ബാർ കൗൺസിൽ നിന്നും പുറത്താക്കിയിരുന്നു.