കൊല്ലം: യുവാവിനെ തടഞ്ഞു നിർത്തി മർദിച്ച് അവശനാക്കിയ കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേർ പൊലീസ് പിടിയിൽ. കന്നിമേൽ ചേരി വേനൂർ വടക്കതിൽ ഉണ്ണിക്കുട്ടൻ എന്ന നിഥിൻ ദാസ് (30), കന്നിമേൽ ചേരി, തെക്കേത്തറയിൽ പാവൂരഴികത്ത് മിന്നൽ ഗിരീഷ് എന്ന ഗിരീഷ് (44) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11-ന് ആണ് കേസിനാസ്പദമായ സംഭവം. മണ്ണൂർകാവ് ദുർഗദേവി ക്ഷേത്രോത്സവത്തിനോട് അനുബന്ധിച്ച് നടന്ന ഗാനമേള കണ്ടുമടങ്ങുകയായിരുന്നു ബിജുകുമാറും സുഹൃത്ത് ജയനും. പ്രതികൾ ജയനെ തടഞ്ഞ് നിർത്തി അകാരണമായി ചീത്തവിളിക്കുന്നത് ചോദ്യം ചെയ്ത ബിജുകുമാറിനെ ഇരുവരും ചേർന്ന് മർദ്ദിക്കുകയും പ്രതികളിൽ ഒരാൾ കൈയിൽ ധരിച്ചിരുന്ന ഇടിവള കൊണ്ടുതലയിൽ ഇടിക്കുകയും ചെയ്തു. ഇടിവള ഉപയോഗിച്ചുള്ള മർദനത്തിൽ ബിജുകുമാറിന്റെ മൂക്കിലെ അസ്ഥിക്ക് പൊട്ടലുണ്ടായിട്ടുണ്ട്.
തുടർന്ന്, ബിജുകുമാർ ശക്തികുളങ്ങര പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൃശൂർ പൊലീസ് സ്റ്റേഷനിൽ പോക്സോ കേസിൽ പ്രതിയായ ഉണ്ണികുട്ടൻ, വിവിധ സ്റ്റേഷനുകളിലായി 17 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൂടാതെ, കാപ്പാ നിയമപ്രകാരം പൂജപ്പുര സെന്റട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.
കൂട്ടുപ്രതിയായ ഗിരീഷ് ദിവസങ്ങൾക്ക് മുമ്പാണ് കൊലപാതകശ്രമ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
ശക്തികുളങ്ങര പൊലീസ് ഇൻസ്പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ആശ, കെ.ജി ദിലീപ്, ഡാർവിൻ, അജയൻ എഎസ്ഐ രാജേഷ്, എസ് സിപിഒ ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.