പന്തളം: അനധികൃതമായി ചാരായം വില്‍പ്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. കുളനട പനങ്ങാട് കിഴക്കേ ഇടവട്ടം കോളനിയില്‍ ഗിരീഷ് (22), കടയ്ക്കാട് പടിഞ്ഞാറേ പീടികയില്‍ ജോമോന് (34)എന്നിവരാണ് പിടിയിലായത്.
ചാരായം വില്‍പ്പന നടത്തുകയും സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുന്നതായുള്ള രഹസ്യ സന്ദേശത്തെ തുടര്‍ന്ന്, നടത്തിയ പരിശോധനയില്‍ ആണ് നാലര ലിറ്ററോളം വ്യാജച്ചാരായവും വാറ്റുപകരണങ്ങളും മറ്റും പന്തളം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അടൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം പന്തളം പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ രണ്ട് പ്രതികളും പിടിയിലായി. ചാരായം വാങ്ങാനെത്തിയ ഒരാള്‍ ഓടിരക്ഷപ്പെട്ടു.
മുടിയൂര്‍ക്കോണം ചെറുമലയില്‍ സ്വകാര്യ വ്യക്തിയുടെ വീടിനു പരിസരത്തായിട്ടായിരുന്നു വ്യാജവാറ്റും കച്ചവടവും നടന്നുവന്നത്. ചുറ്റുമതിലില്ലാത്ത വീടിന്റെ കിഴക്കുഭാഗത്ത് താത്കാലികമായി ടാര്പ്പോളിന് വലിച്ചുകെട്ടിയ ഷെഡിന്റെ മുന്‍വശത്തു നിന്നാണ് പ്രതികളെയും വാറ്റുപകരണങ്ങളും മറ്റും പോലീസ് പിടിച്ചെടുത്തത്.10 ലിറ്റര്‍ കൊള്ളുന്ന കന്നാസില്‍ നാലര ലിറ്ററോളം വ്യാജച്ചാരായവും കസ്റ്റഡിയിലെടുത്തു. ചാരായത്തിനു പുറമേ, വാറ്റുപകരണങ്ങളും അലുമിനിയം പാത്രങ്ങള്‍, ഗ്ലാസ്, പ്ലാസ്റ്റിക് കന്നാസ് തുടങ്ങിയവയും കസ്റ്റഡിയിലെടുത്തു.
പ്രതികളെ കോടതിയിൽ ഹാജരാക്കി.