വിവാഹിതയായ സ്ത്രീയെ സ്നേഹം നടിച്ചു വശീകരിച്ച് സുഹൃത്തുക്കൾ ചേർന്ന് കൂട്ട ബലാത്സംഗംചെയ്ത കേസിൽ കോടതി വിധി. പോലീസുകാരനുൾപ്പെടെ മൂന്നു പ്രതികൾക്ക് പത്തുവർഷം കഠിനതടവാണ് കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ പ്രതികൾ 50000 രൂപവീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. വിവാഹിതയായ നെയ്യാറ്റിൻകര സ്വദേശിനിയായ യുവതിയെ പ്രണയം നടിച്ച് ഒന്നാം പ്രതി വശീകരിക്കുകയും തുടർന്ന് മറ്റുള്ളവർക്കുകൂടി കാഴ്ചവയ്ക്കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിൽ മൂന്നാം പ്രതി പൊലീസുകാരനാണെന്ന പ്രത്യേകതയുമുണ്ട്.
ഒന്നാം പ്രതി പാപ്പനംകോട് എസ്‌റ്റേറ്റ്, കല്ലുവെട്ടാംകുഴി ടി.സി. 53/504, വാറുവിളാകത്ത് ഷാന മൻസിലിൽ സച്ചു എന്ന സജാദ്(33), രണ്ടാം പ്രതി വിളവൂർക്കൽ, ചൂഴാറ്റുകോട്ട, വിളയിൽക്കോണം സെറ്റിൽമെന്റ് ലക്ഷംവീട് കോളനി ശ്രീജിത്ത് ഭവനിൽ ശ്രീജിത്ത്(32), മൂന്നാം പ്രതി പോലീസുകാരനായ ചൂഴാറ്റുകോട്ട, നിരപ്പുവിള ആശ്രയ വീട്ടിൽ അഭയൻ(47) എന്നിവരെയാണ് അസിസ്റ്റൻ്റ് സെഷൻസ് ജഡ്ജി ബീബിനാ നാഥ് ശിക്ഷിച്ചത്.
2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതി സജാദ് യുവതിയെ പരിചയപ്പെടുന്നത് ആശുപത്രിയിൽ വച്ചാണ്. ഈ പരിചയം പിന്നീട് അടുപ്പമായി മാറുകയായിരുന്നു. ഇതിനിടെ ഒന്നാം പ്രതി രണ്ടാം പ്രതിക്കൊപ്പം നിരവധി തവണ യുവതിയെ കാണാനെത്തി. അങ്ങനെ രണ്ടാം പ്രതിയുമായഒം യുവതി പരിചയത്തിലാകുകയായിരുന്നു. 2016 നവംബർ 25-ന് സജാദ് അഭ്യർത്ഥിച്ചതനുസരിച്ച് രാവിലെ 10.30-ന് യുവതി എത്തുകയായിരുന്നു. ഇരുവരും ചേർന്ന് കുറച്ചു സ്ഥലങ്ങൾ പോകാമെന്ന് പറഞ്ഞാണ് സജാദ് യുവതിയെ വിളിച്ചിരുന്നത്. ഇതിനിടെ ഇരുവർക്കുമൊപ്പം രണ്ടാം പ്രതിയായ ശ്രീജിത്തും ചേർന്നു.
സജാദും ശ്രീജിത്തും ചേർന്ന് മൂന്നാം പ്രതിയായ പോലീസുകാരൻ അഭയൻ്റെ ചൂഴാറ്റുകോട്ടയിലെ വീട്ടിൽ യുവതിയെ എത്തിക്കുകയായിരുന്നു. ഇവിടെ വച്ച് സജാദും ശ്രീജിത്തും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു. വീട് നൽകിയതിന് പ്രതിഫലമായി പൊലീസുകാരൻ അഭയൻ യുവതിയുമായി ലെെംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നാണ് ആവശ്യപ്പെട്ടത്. ഇതും ഒന്നും രണ്ടും പ്രതികൾ സമ്മതിച്ചു. തുടർന്ന് അഭയനും യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
അവശ നിലയിലായ യുവതി തിരിച്ചു പോയി നരുവാമൂട് പൊലീസിൽ പരാതി നൽകി. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നെയ്യാറ്റിൻകര ഡിവൈഎസ്︋പിയുടെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇതിനിടെ കേസിൽ ഇരയായ യുവതിയെ ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ അയൽവാസിയെ പോലീസ് നാലാം പ്രതിയായി പിന്നീട് ചേർത്തിരുന്നു. എന്നാൽ, ഇയാൾ വിചാരണ ആരംഭിക്കുന്നതിനു മുൻപേ ജീവനൊടുക്കുകയായിരുന്നു. ഈ കേസിൽ പീഡനത്തിന് ഇരയായ യുവതി പരാതി പിൻവലിച്ചെന്നു പറഞ്ഞ് പ്രതികൾ കേസ് റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോർട്ട് നൽകാൻ.
ഈ റിപ്പോർട്ടിൽ യുവതി പരാതി പിൻവലിച്ചിട്ടില്ലെന്നു വ്യക്തമാക്കിയതിനെത്തുടർന്ന് പ്രതികളുടെ ഹർജി തള്ളിക്കളഞ്ഞു. ഇതിനു ശേഷമാണ് അസിസ്റ്റന്റ് സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സി.ഡി.ജസ്റ്റിൻജോസ് ഹാജരായി. വിധി വായിച്ചു കേൾപ്പിച്ചശേഷം പ്രതികളെ സെൻട്രൽ ജയിലിലേക്കു മാറ്റി. മൂന്നാം പ്രതി അഭയൻ തൃശ്ശൂർ ജില്ലയിലെ ട്രാഫിക് പൊലീസ് ഓഫീസറാണ്.