കാണാതായ രണ്ട് വയസുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ ബാഗിനുള്ളിൽ: നടന്നത് ക്രൂര കൊലപാതകം

നോയിഡ: രണ്ട് വയസുകാരിയെ അതിക്രൂരമായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിനുള്ളിലാക്കി അയൽവാസിയായ യുവാവ്. നോയിഡയിലാണ് ക്രൂര കൊലപാതകം നടന്നത്. രണ്ടു ദിവസം മുന്‍പ് ആണ് ഗ്രേറ്റര്‍ നോയിഡയില്‍നിന്നും മാനസി എന്ന പെൺകുട്ടിയെ കാണാതായത്. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കുറച്ച് കഴിഞ്ഞ് കാണാതാവുകയായിരുന്നു. തിരച്ചിലിനൊടുവിൽ അയൽവാസിയായ രാഘവേന്ദ്ര എന്നയാളിന്റെ വീട്ടില്‍നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

കുട്ടിക്കായുള്ള തെരച്ചിലില്‍ പൊലീസിനൊപ്പം സഹായിയായി രാഘവേന്ദ്രയും ഉണ്ടായിരുന്നു. പരിശോധന തന്‍റെ വീട്ടിലേക്കെത്തിയതോടെ ഇയാള്‍ മുങ്ങി. മാതാപിതാക്കളായ ശിവകുമാറിനും മഞ്ജുവിനും ഏഴു മാസം പ്രായമുള്ള അനിയനുമൊപ്പം ദെവ്‌ല ഗ്രാമത്തിലെ വാടകവീട്ടിലാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. ദെവ്ല ഗ്രാമത്തിനടുത്തുള്ള ഫാക്ടറിയിലാണ് ശിവകുമാറും മഞ്ജുവും ജോലി ചെയ്യുന്നത്. സംഭവം നടക്കുന്ന ദിവസം പിതാവ് ജോലിക്ക് പോയി. അമ്മ മഞ്ജു കടയിലേക്ക് സാധനം വാങ്ങാനായി പോയി. ഈ സമയം മക്കൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോഴാണ് മകളെ വീട്ടില്‍ കാണാനില്ലെന്ന് മനസിലാക്കിയത്.

മഞ്ജു വിവരം ഭർത്താവിനെയും സമീപവാസികളെയും വിവരം അറിയിച്ചു. തുടർന്ന് പോലീസും ഗ്രാമവാസികളും കുട്ടിയ തിരഞ്ഞു. തിരച്ചിലിന്റെ ഭാഗമായി രാഘവേന്ദ്രയുടെ പൂട്ടിയിട്ടിരുന്ന വീട്ടിലും പോലീസെത്തി. വീടിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി പെണ്‍കുട്ടിയുടെ പിതാവ് ശിവകുമാര്‍ പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് മാനസിയുടെ മൃതദേഹം ബാഗിനുള്ളിലാക്കി വാതിലില്‍ തൂക്കിയിട്ട നിലയില്‍ കണ്ടെത്തിയത്. ലൈംഗികപീഡനം നടന്നതായി തെളിഞ്ഞിട്ടില്ല. അതേസമയം കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ രാഘവേന്ദ്രയെ കണ്ടെത്താന്‍ പൊലീസ് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചു.