യുവാവിനെ മാരകായുധങ്ങളുപയോഗിച്ച് വധിക്കാൻ ശ്രമിച്ച് ബൈക്കുമായി രക്ഷപ്പെട്ടു : പ്രതികൾ അറസ്റ്റിൽ

അങ്കമാലി: യുവാവിനെ മാരകായുധങ്ങളുപയോഗിച്ച് വധിക്കാൻ ശ്രമിച്ച് ബൈക്ക് കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. മൂക്കന്നൂർ കിടങ്ങൂർ സ്വദേശികളായ വലിയോലിപറമ്പിൽ വീട്ടിൽ ആഷിഖ് മനോഹരൻ (31), പള്ളിപ്പാട്ട് വീട്ടിൽ മാർട്ടിൻ (മുട്ടിച്ചൻ – 40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അങ്കമാലി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച വൈകിട്ട് 6.30ഓടെയാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ പവിഴപ്പൊങ്ങ് സ്വദേശി വിജീഷിനെയാണ് വടിവാൾ കൊണ്ട് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ബൈക്ക് തടഞ്ഞു നിർത്തി വിജീഷിനോട് പണം ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറായില്ല. അതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിനും, കവർച്ചക്കും കാരണമായതെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച ഇരുചക്ര വാഹനം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുപ്രതികളും വധശ്രമം ഉൾപ്പടെ നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

2021-ൽ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായതിനെത്തുടർന്ന് അഷിഖിനെ കാപ്പ ചുമത്തി ആറ് മാസം ജയിലിലടച്ചിരുന്നതായും പൊലീസ് അറിയിച്ചു. ഇൻസ്പെക്ടർ പി.എം ബൈജു, എസ്.ഐമാരായ പ്രദീപ് കുമാർ, ഷാഹുൽ ഹമീദ്, എ.എസ്.ഐ മാരായ പി.ജി സാബു, ഫ്രാൻസിസ്, റെജിമോൻ, ആന്റു, എസ്.സി.പി.ഒ മാരായ മിഥുൻ, അലി, മനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.