ദാമ്പത്യ പ്രശ്‌നങ്ങൾ തീർക്കാൻ മന്ത്രവാദം: നാരീപൂജയുടെ മറവിൽ യുവതികളെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട: മന്ത്രവാദത്തിന്റെ മറവിൽ യുവതികളെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. നാരീ പൂജയിലൂടെ ദാമ്പത്യ പ്രശ്‌നങ്ങൾ തീർത്ത് തരാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ, വേളൂക്കര പഞ്ചായത്തിൽ ഈസ്റ്റ് കോമ്പാറ ദേശത്ത് കോക്കാട്ട് വീട്ടിൽ പ്രദീപ് (43) ആണ് അറസ്റ്റിലായത്. ഇയാളുടെ ചതിയിൽപ്പെട്ട കൊടകര സ്വദേശിനിയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്.

കളംപാട്ടും മറ്റു പൂജകളും നടത്തുന്ന പ്രതി വെൽഡിംഗ് തൊഴിലാളി കൂടിയാണ്. കളംപാട്ടിന് വന്നപ്പോഴുള്ള പരിചയം വച്ചാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്. നിരവധി യുവതികൾ ഇയാളുടെ കെണിയിൽ വീണിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. ഇത് സംബന്ധിച്ച തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.