കൊല്ലം: മൊബൈൽ ഫോണുകൾ മോഷ്ടിച്ച് വിൽപന നടത്തി വന്ന പ്രതി പൊലീസ് പിടിയിൽ. പള്ളിത്തോട്ടം കല്ലേലിവയലിൽ പുരയിടം സാജൻ(21) ആണ് അറസ്റ്റിലായത്. പളളിത്തോട്ടം പൊലീസാണ് ഇവരെ പിടികൂടിയത്.
പള്ളിത്തോട്ടം കൈക്കുളങ്ങര ജ്യോതിസ് നഗർ 101-ൽ ജോസിന്റെ വീട്ടിൽ നിന്നും മൊബൈൽ ഫോണ് മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.
വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണ് മോഷണം പോയതായി കാണിച്ച് ജോസ് പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന്, ഇൻസ്പെക്ടർ ഫയാസിന്റെ നിർദേശപ്രകാരം പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മോഷ്ടിച്ചെടുക്കുന്ന ഫോണുകൾ വിൽപന നടത്തി ലഭിക്കുന്ന പണം ലഹരി ഉപയോഗത്തിനും മറ്റ് ആഡംബര ജീവിതത്തിനുമായി ഉപയോഗിക്കുകയാണ് ഇയാളുടെ പതിവ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.