മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ വിപണി നിക്ഷേപ സൂചികയില്‍ ഇന്ത്യ ചൈനയെ മറികടന്നു


ന്യൂയോര്‍ക്ക്: മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ വിപണി നിക്ഷേപ സൂചികയില്‍ ( MSCI EM Investable Market Index (IMI)) ഇന്ത്യ ചൈനയെ മറികടന്നു. ഇന്ത്യയുടെ വെയ്‌റ്റേജ് 22.27 ശതമാനവും ചൈനയുടെ 21.58 ശതമാനവുമാണെന്ന് ആഗോള ധനകാര്യ സ്ഥാപനം ചൂണ്ടിക്കാട്ടുന്നു. ചൈനയെ പിന്തള്ളിയതോടെ ഇന്ത്യന്‍ ഇക്വിറ്റികള്‍ക്ക് 37,000 കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഓഹരി വിപണിയില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി നില നില്‍ക്കുന്ന ഊര്‍ജ്ജമാണ് നേട്ടത്തിന് വഴിവെച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണം ചൈനീസ് വിപണികള്‍ പ്രതിസന്ധി നേരിടുകയാണ്. അതേസമയം ഇന്ത്യന്‍ വിപണിയില്‍ വിദേശ നിക്ഷേപകര്‍ പങ്കാളിത്തം ഉയര്‍ത്തുകയാണ്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍) 2024-ല്‍ ഓഗസ്റ്റ് വരെ 531.78 ബില്യണ്‍ രൂപയുടെ ഓഹരികളാണ് വാങ്ങിയത്.

ആഭ്യന്തര നിക്ഷേപകര്‍, മ്യൂച്വല്‍ ഫണ്ടുകള്‍, റീട്ടെയില്‍ വ്യാപാരികള്‍ എന്നിവരുടെ സുസ്ഥിരമായ ഇടപെടല്‍ നിഫ്റ്റി 50-നെ റെക്കോര്‍ഡ് ഉയരത്തിലെത്തിക്കാന്‍ സഹായിച്ചു. 16% കുതിപ്പാണ് നിഫ്റ്റി രേഖപ്പെടുത്തിയത്. ഇത് ചൈന ഉള്‍പ്പെടെയുള്ള മറ്റ് വിപണികളേക്കാള്‍ കൂടുതലാണ്.