നാൽക്കാലികൾക്കായി അത്യാധുനിക സൗകര്യങ്ങൾ ഉള്ള ആശുപത്രി സജ്ജമാക്കുന്നു, പുതിയ പദ്ധതിയുമായി രത്തൻ ടാറ്റ


നാൽക്കാലികൾക്കായി അത്യാധുനിക സജ്ജീകരണങ്ങൾ ഉള്ള മൃഗാശുപത്രി നിർമ്മിക്കാനൊരുങ്ങി പ്രമുഖ വ്യവസായിയായ രത്തൻ ടാറ്റ. അഞ്ച് നിലകളിലായി 98,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ആശുപത്രി നിർമ്മിക്കുക. ആഗോള തലത്തിൽ തന്നെ പ്രശസ്തരായ വെറ്റിനറി ഡോക്ടർമാരെ ആശുപത്രിയിൽ നിയമിക്കുന്നതാണ്. ദക്ഷിണ മുംബൈയിലെ മഹാലക്ഷ്മി പ്രദേശത്താണ് മൃഗാശുപത്രി നിർമ്മിക്കുക. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മൃഗാശുപത്രിയാകും ഇത്.

മൃഗങ്ങളെ കിടത്തി ചികിത്സിക്കുന്നതിനായി 200ലധികം കിടക്കകളും ആശുപത്രിയിൽ ഉണ്ടാകും. ഡോക്ടർമാർക്ക് പുറമേ, പരിശീലനം ലഭിച്ച നേഴ്സുമാർ, സാങ്കേതിക വിദഗ്ധർ എന്നിവരുടെ സേവനങ്ങൾ 24 മണിക്കൂറും ലഭിക്കുന്നതാണ്. എല്ലാ മൃഗങ്ങൾക്കും സ്നേഹവും പരിചരണവും ചികിത്സയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് മൃഗങ്ങൾക്ക് മാത്രമായി വമ്പൻ ആശുപത്രി ആരംഭിക്കുന്നതെന്ന് ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി.

ഇൻപേഷ്യന്റ്, ഐസോലേഷൻ യൂണിറ്റുകൾ ഉൾപ്പടെയുള്ള ഐസിയു യൂണിറ്റുകൾ, സോഫ്റ്റ് ടിഷ്യൂ സർജറി, ഓർത്തോപീഡിക്സ് തുടങ്ങിയ ശസ്ത്രക്രിയ സേവനങ്ങൾ, ഫാർമസി സേവനങ്ങൾ, എംആർഐ, എക്സ്-റേ, സിടി സ്കാൻ, യുഎസ്ജി തുടങ്ങിയ റേഡിയോളജി സേവനങ്ങൾ, ഹെമറ്റോളജി, മൈക്രോബയോളജി, സൈറ്റോളജി, ക്ലിനിക്കൽ പാത്തോളജി, ബയോകെമിസ്ട്രി, ഹിസ്റ്റോ-പാത്തോളജി, അനസ്തേഷ്യ തുടങ്ങിയ എല്ലാവിധ സജ്ജീകരണങ്ങളും ആശുപത്രിയിൽ ഉണ്ടാകും.