രണ്ട് ഏഷ്യൻ രാജ്യങ്ങളിൽ കൂടി യുപിഐ സേവനം എത്തിക്കാനൊരുങ്ങി ഇന്ത്യ, ലോഞ്ചിംഗ് നാളെ ഉച്ചയ്ക്ക് പ്രധാനമന്ത്രി നടത്തും


ന്യൂഡൽഹി: രാജ്യത്ത് വമ്പൻ ഹിറ്റായി മാറിയ യുപിഐ പണമിടപാടുകൾ കൂടുതൽ രാജ്യങ്ങളിലേക്ക് എത്തുന്നു. പുതുതായി ശ്രീലങ്കയിലും മൗറീഷ്യസിലുമാണ് യുപിഐ സേവനങ്ങൾ അവതരിപ്പിക്കുന്നത്. ഇരു രാജ്യങ്ങളിലും നാളെ മുതൽ യുപിഐ സേവനങ്ങൾക്ക് തുടക്കം കുറിക്കുന്നതാണ്. ശ്രീലങ്കൻ പ്രസിഡന്റ് വിക്രമസിംഗെയുടെയും പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്തിന്റെയും സാന്നിധ്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടന കർമ്മം നിർവഹിക്കുക. വീഡിയോ കോൺഫറൻസ് മുഖേന ഉച്ചയ്ക്ക് ഒരു മണിയോടെ ഇരുരാജ്യങ്ങളിലും യുപിഐ സേവനങ്ങളുടെ ഔദ്യോഗിക ലോഞ്ചിംഗ് നടക്കും.

യുപിഐ സേവനങ്ങൾക്ക് പുറമേ, മൗറീഷ്യസിൽ റുപേ കാർഡ് സർവീസുകളുടെ സേവനം ആരംഭിക്കുന്നതും പരിഗണനയിലുണ്ട്. യുപിഐ സംവിധാനം എത്തുന്നതോടെ ശ്രീലങ്കയിലേക്കും മൗറീഷ്യസിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഏറെ ഗുണം ചെയ്യും. കൂടാതെ, മൗറീഷ്യസിൽ നിന്നും ശ്രീലങ്കയിൽ നിന്നും ഇന്ത്യയിൽ എത്തുന്നവർക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കാനും മറ്റും പുതിയ നീക്കത്തിലൂടെ സാധ്യമാകും.