വസ്ത്രത്തിലും ജാക്കറ്റിലും ലഗേജ് ഒളിപ്പിച്ച് കടത്താൻ വരട്ടെ!!! വേറിട്ട ഭാരപരിശോധന നടത്താനൊരുങ്ങി ഈ വിമാന കമ്പനി


ഹെൽസിങ്കി: ക്യാബിൻ പാക്കേജിൽ തട്ടിപ്പ് കാണിച്ച്, സൂത്രത്തിൽ വസ്ത്രത്തിലും ജാക്കറ്റിലുമെല്ലാം ലഗേജുകൾ ഒളിപ്പിച്ച് കടത്തുന്ന വിരുതന്മാർ ഏറെയാണ്. ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തുന്ന യാത്രക്കാരെ കണ്ടെത്താൻ പുതിയ മാർഗ്ഗവുമായി എത്തുകയാണ് ഫിൻലാൻഡിലെ പ്രമുഖ വിമാന കമ്പനിയായ ഫിന്നെയർ. ക്യാബിനിൽ സ്ഥിരമായി അനുവദനീയമായതിലും അധികം ഭാരം എത്തുന്നത് ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കാൻ ആരംഭിച്ചതോടെയാണ് പുതുരീതിയുമായി എയർലൈൻ എത്തുന്നത്. വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വേളയിൽ യാത്രക്കാരുടെ ഭാരം നോക്കാനാണ് എയർലൈനിന്റെ തീരുമാനം. ഇതുവഴി വസ്ത്രത്തിലും ജാക്കറ്റിലുമെല്ലാം ലഗേജ് ഒളിപ്പിച്ചു കടത്തുന്നത് തടയാനാകും.

ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത സർവീസുകളിൽ മാത്രമേ ഭാരപരിശോധന ഉണ്ടായിരിക്കുകയുള്ളൂ. എന്നാൽ, ഭാവിയിൽ ചെക്ക് ഇൻ ലഗേജ് ഭാര പരിശോധന പോലെ എല്ലാവർക്കും ഇത് നിർബന്ധമാക്കും. ഡിപ്പാർച്ചർ ഗേറ്റിന് സമീപത്തായാണ് യാത്രക്കാരുടെ ഭാരപരിശോധന നടത്തുക. അതുകൊണ്ടുതന്നെ ഗേറ്റിലെ ഉദ്യോഗസ്ഥന് മാത്രമേ ഭാരം കാണാൻ കഴിയുകയുള്ളൂ. ഇതുവഴി സ്വകാര്യത നിലനിർത്താൻ സാധിക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ ഏകദേശം എണ്ണൂറിലധികം ആളുകൾ ഭാരപരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. ചിലർ സ്വമേധയാ ഭാരപരിശോധന നടത്താൻ മുന്നിട്ടെത്തിയിരിക്കുകയാണ്. ഭാരപരിശോധനാ ഫലങ്ങൾ വിമാനത്തിന്റെ ബാലൻസും ക്ഷമതയും ഉറപ്പുവരുത്താൻ ഏറെ സഹായിക്കുമെന്ന് ഫിന്നെയർ വ്യക്തമാക്കിയിട്ടുണ്ട്.