ദിവസം മുഴുവൻ ചാഞ്ചാട്ടം, സമ്മർദ്ദത്തിനൊടുവിൽ നഷ്ടം! അറിയാം ഇന്നത്തെ ഓഹരി വില നിലവാരം


ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ദിവസം മുഴുവൻ നീണ്ട കനത്ത ചാഞ്ചാട്ടത്തിനും സമ്മർദ്ദത്തിനും ഒടുവിലാണ് ആഭ്യന്തര സൂചികകൾ ഇന്ന് സമ്മിശ്ര പ്രകടനം കാഴ്ചവെച്ചത്. ആഗോളതലത്തിൽ നിന്നുള്ള വെല്ലുവിളികൾ, കോർപ്പറേറ്റ് കമ്പനികളുടെ സമ്മിശ്രമായ മൂന്നാം പാദ പ്രവർത്തന ഫലം തുടങ്ങിയ കാരണങ്ങളാലാണ് ഓഹരി സൂചികകൾ ഇന്ന് സമ്മർദ്ദം നേരിട്ടത്. ബിഎസ്ഇ സെൻസെക്സ് 167 പോയിന്റ് നഷ്ടത്തിൽ 71,595-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, നിഫ്റ്റി 64 പോയിന്റ് നേട്ടവുമായി 21,782-ൽ വ്യാപാരം പൂർത്തിയാക്കി.

നിഫ്റ്റിയിൽ 50-ൽ 27 ഓഹരികൾ നേട്ടത്തിലും 23 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഗ്രാസിം ഇൻഡസ്ട്രീസ്, എസ്ബിഐ, അപ്പോളോ ഹോസ്പിറ്റൽ, സൺ ഫാർമ, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെ ഓഹരികളാണ് നിഫ്റ്റിയിൽ കൂടുതൽ നേട്ടം കൈവരിച്ചത്. ബിഎസ്ഇയിൽ 1,270 ഓഹരികൾ മാത്രമാണ് ഇന്ന് നേട്ടത്തിലേറിയത്. 2,573 ഓഹരികൾ ചുവപ്പണിഞ്ഞു. 89 ഓഹരികളുടെ വില മാറിയില്ല. എസ്ബിഐ, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, വിപ്രോ, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ടൈറ്റൻ ഓഹരികളാണ് സെൻസെക്സിൽ നേട്ടം കുറിച്ചത്.