പ്രമുഖ ഫുട്ബോൾ താരം ലയണൽ മെസിയുമായുള്ള കരാർ ഉടൻ അവസാനിപ്പിക്കാനൊരുങ്ങി ബൈജൂസ്. ഇതോടെ, ആഗോള അംബാസഡർ സ്ഥാനത്ത് നിന്ന് ലയണൽ മെസി പടിയിറങ്ങും. മെസിയുമായുള്ള മൂന്ന് വർഷത്തെ കരാറാണ് ബൈജൂസ് അവസാനിപ്പിക്കുന്നത്. 2022 നവംബറിലാണ് ‘എല്ലാവർക്കും വിദ്യാഭ്യാസം’ എന്ന ക്യാമ്പയിനായി ബൈജൂസും ലയണൽ മെസിയും കരാറിൽ ഏർപ്പെട്ടത്.
പ്രതിവർഷം 50-70 ലക്ഷം ഡോളറിനായിരുന്നു കരാർ. നിലവിൽ, ഒരു വർഷത്തെ പണം മെസിക്ക് നൽകിയിട്ടുണ്ട്. ഇനിയുള്ള കരാർ തുടരുമോ, അതോ പാതിവഴിയിൽ വച്ച് അവസാനിപ്പിക്കുമോ എന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം കമ്പനി ഉടൻ അറിയിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിരവധി ജീവനക്കാരെയാണ് ബൈജൂസ് പിരിച്ചുവിട്ടത്. മെസി ബ്രാൻഡ് അംബാസഡറായി ഒരു മാസം പിന്നിടും മുൻപേ ബൈജൂസില്‍ നിന്ന് 25,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് ഇടയാക്കിയത്.
സമാനമായ രീതിയിൽ സിനിമാതാരം ഷാരൂഖാനുമായുള്ള കരാർ ബൈജൂസ് അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ഷാരൂഖാനുമായുള്ള കരാർ നീർത്തലാക്കിയത്. ഷാരൂഖാന് കരാർ മുമ്പോട്ട് പോകാൻ താല്പര്യമില്ലാത്തതിനാൽ സംയുക്തമായി കരാർ അവസാനിപ്പിക്കുകയായിരുന്നവെന്നാണ് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ കമ്പനിയുടെ ബോർഡിൽ നിന്ന് സ്ഥാപകൻ ബൈജു രവീന്ദ്രൻ ഉൾപ്പെടെയുള്ളവർ മാറിനിൽക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടം നിക്ഷേപകർ രംഗത്തെത്തിയിട്ടുണ്ട്.