ഡിസംബറിലെ ഒന്നാമത്തെ ദിനവും, ആഴ്ചയിലെ അവസാന ദിവസവുമായ ഇന്ന് കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ. വ്യാപാരത്തിന്റെ തുടക്കം മുതൽ ഇന്ത്യൻ ആഭ്യന്തര സൂചികകൾ ഇന്ന് ആഘോഷത്തിന്റെ ദിനമാക്കി മാറ്റുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 492.75 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 65,564-ൽ വ്യാപാരം അവസാനിപ്പിച്ചു. റെക്കോർഡുകൾ ഭേദിക്കാൻ 450 പോയിന്റ് മാത്രം അകലെയാണ് സെൻസെക്സ്. നിഫ്റ്റി 134.75 പോയിന്റ് നേട്ടത്തിൽ 20,267-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. സർവ്വകാല റെക്കോർഡുകൾ മറികടന്നാണ് ഇന്ന് നിഫ്റ്റിയുടെ മുന്നേറ്റം.
നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ പ്രവചനങ്ങളെ കടത്തിവെട്ടി ഇന്ത്യ 7.6 ശതമാനം ജിഡിപി വളർച്ച നേടിയതും, കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് എക്സിറ്റ് പോളുകളിൽ ഹിന്ദി ബെൽറ്റുകളായ രാജസ്ഥാനിലും മധ്യപ്രദേശിലും മുൻതൂക്കം ലഭിച്ചതും ഓഹരി നിക്ഷേപകരെ വലിയ രീതിയിലാണ് സ്വാധീനിച്ചത്. കൂടാതെ, ഹമാസ്-ഇസ്രായേൽ യുദ്ധമടക്കം ഭൗമ രാഷ്ട്രീയ പ്രശ്നങ്ങൾ അയഞ്ഞതും, ക്രൂഡോയിൽ വില ബാരലിന് 80 ഡോളറിൽ താഴെയായതും ഓഹരി വിപണിക്ക് കരുത്തേകി.
ഐടിസി, എൻടിപിസി, ആക്സിസ് ബാങ്ക്, എൽ ആൻഡ് ടി, ബജാജ് ഫിനാൻസ് എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്. പവർ ഫിനാൻസ് കോർപ്പറേഷൻ, ഡിക്സോൺ ടെക്നോളജീസ്, ആർഇസി, സീ എന്റർടൈൻമെന്റ്, ഭാരത് ഡയനാമിക്സ് തുടങ്ങിയവയുടെ ഓഹരികളാണ് നിഫ്റ്റിയെ മുന്നോട്ട് നയിച്ചത്. അതേസമയം, ടാറ്റാ കമ്മ്യൂണിക്കേഷൻസ്, അപ്പോളോ ട്യൂബ്സ്, മുത്തൂറ്റ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, വിപ്രോ, മാരുതി സുസുക്കി തുടങ്ങിയവയുടെ ഓഹരികൾ നഷ്ടം രുചിച്ചു.