കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ് സ്വന്തമാക്കാം! വിപണി പിടിക്കാൻ പുതിയ തന്ത്രവുമായി മുകേഷ് അംബാനി


ഇന്ത്യൻ വിപണി കീഴടക്കാൻ പുതിയ തന്ത്രവുമായി മുകേഷ് അംബാനി എത്തുന്നു. പലപ്പോഴും എതിരാളികളെക്കാൾ വൈകിയാണ് മുകേഷ് അംബാനി ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാറുള്ളതെങ്കിലും, വിപണന തന്ത്രം കൊണ്ട് വൻ നേട്ടമാണ് കൊയ്യാറുള്ളത്. ഇത്തവണ ഇന്ത്യയിൽ മൾട്ടി ബില്യൺ ഡോളറിന്റെ വിപണി ലക്ഷ്യമിട്ട് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പുകൾ പുറത്തിറക്കാനാണ് അംബാനിയുടെ നീക്കം. സാങ്കേതികവിദ്യയും, ബിസിനസ് വൈദഗ്ധ്യവും ഒരു പോലെയുളള റിലയൻസ് ഇൻഡസ്ട്രീസിനെ മുന്നോട്ടു നയിക്കുന്ന മുകേഷ് അംബാനിക്ക് ചുരുങ്ങിയ കാലയളവിനുള്ളിൽ ലാപ്ടോപ്പ് വിപണിയും കീഴടക്കാൻ കഴിയുമെന്നാണ് സൂചന.

എതിരാളികളായ മുൻനിര കമ്പനികളെല്ലാം ഇതിനോടകം തന്നെ ലാപ്ടോപ്പുകൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ, ഇക്കുറി സാധാരണക്കാർക്ക് പോലും താങ്ങാൻ കഴിയുന്ന വിലയിൽ ബഡ്ജറ്റ് ഫ്രണ്ട്‌ലി ലാപ്ടോപ്പുകൾ പുറത്തിറക്കുക എന്ന വിപണന തന്ത്രമാണ് മുകേഷ് അംബാനി പയറ്റുന്നത്. ഇതോടെ, ഏറ്റവും ചുരുങ്ങിയത് 15,000 രൂപയ്ക്ക് ലാപ്ടോപ്പുകൾ വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇതിന്റെ ഭാഗമായി റിലയൻസ് ഇൻഡസ്ട്രീസ്, ലാപ്ടോപ്പ് നിർമ്മാതാക്കളായ എച്ച്പി, ഏസർ, ലെനോവോ തുടങ്ങിയ കമ്പനികളുമായി ചർച്ച നടത്തുകയാണ്. ചർച്ചകൾ വിജയകരമായാൽ മാസങ്ങൾക്കുള്ളിൽ തന്നെ വില കുറഞ്ഞ ലാപ്ടോപ്പുകൾ മുകേഷ് അംബാനി പുറത്തിറക്കുന്നതാണ്.