റെക്കോർഡ് കുതിപ്പിൽ നിന്ന് താഴേക്കിറങ്ങി സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,000 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 60 രൂപ കുറഞ്ഞ്, 5,750 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് നിരക്കിൽ നിന്നാണ് ഇന്ന് സ്വർണവില താഴേക്കിറങ്ങിയത്. ഇന്നലെ സർവകാല റെക്കോർഡായ 46,480 രൂപ നിരക്കിലായിരുന്നു സ്വർണത്തിന്റെ വ്യാപാരം പുരോഗമിച്ചത്.

ആഗോള വിപണിയിൽ ഇന്ന് സ്വർണവിലയിൽ കാര്യമായ മുന്നേറ്റങ്ങൾ ഉണ്ടായിട്ടില്ല. സ്വർണം ഔൺസിന് 0.07 ശതമാനം നേട്ടത്തിൽ 2,045.75 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കയിൽ നിന്ന് പുറത്ത് വരാനിരിക്കുന്ന പ്രധാന പണപ്പെരുപ്പ റിപ്പോർട്ടുകൾക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനെ തുടർന്നാണ് ഇന്ന് സ്വർണവില സ്ഥിരത പാലിച്ചിരിക്കുന്നത്. പണപ്പെരുപ്പ ഡാറ്റ അനുകൂലമായാൽ പലിശ നിരക്ക് പ്രതീക്ഷിച്ചതിലും വേഗത്തിൽ എത്തിയേക്കും എന്നാണ് വിപണിയുടെ വിലയിരുത്തൽ. നിലവിൽ, ഏഴ് മാസത്തെ ഉയർന്ന നിലവാരത്തിലാണ് സ്വർണവില ഉള്ളത്.