തായ്‌ലാൻഡിന്റെ വിനോദ സഞ്ചാര മേഖലയിലേക്ക് പുത്തൻ ഉണർവ്വ് പകരാനൊരുങ്ങി ഭരണകൂടം. വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനായി നൈറ്റ് ലൈഫ് പദ്ധതി കൂടുതൽ വിപുലമാക്കാനാണ് തായ്‌ലാൻഡിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പ്രത്യേക പ്രദേശങ്ങളിലെ നിശാ ക്ലബ്ബുകളുടെയും, വിനോദ വേദികളുടെയും പ്രവർത്തനസമയം നീട്ടുന്നതാണ്. ഇതോടെ, സഞ്ചാരികൾക്ക് തായ്‌ലാൻഡിന്റെ രാത്രികാല ഭംഗി കൂടുതൽ ആസ്വദിക്കാനാകും.
തായ്‌ലാൻഡിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളായ ബാങ്കോക്ക്, ഫുക്കറ്റ്, പട്ട്യ, ചിയാങ് മായ്, സാമുയി എന്നിവിടങ്ങളിലെ വിനോദ വേദികളും, ക്ലബ്ബുകളും, കരോക്കെ ബാറുകളും പുലർച്ചെ 4:00 മണി വരെ തുറന്നിരിക്കും. തായ്‌ലാൻഡിൽ ഈ വർഷം ഇതുവരെ 24.5 ദശലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത്. ഈ വർഷം കഴിയുമ്പോഴേക്കും വിനോദസഞ്ചാരികളുടെ എണ്ണം 28 ദശലക്ഷമായി ഉയരുന്നതാണ്.
ഇന്ത്യ, റഷ്യ, ചൈന, കസക്കിസ്ഥാൻ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് തായ്‌ലാൻഡ് വിസ രഹിത സേവനം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാത്രികാല ടൂറിസത്തിന് കൂടുതൽ പ്രാധാന്യം നൽകിയുള്ള പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. അതേസമയം, ഈ വർഷം വിന്റർ ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ തായ്‌ലാൻഡ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.