രാജ്യത്ത് പാലിന്റെയും മാംസത്തിന്റെയും ഉൽപ്പാദനത്തിൽ വൻ വിപണി വിഹിതവുമായി ഉത്തർപ്രദേശ് ഒന്നാം സ്ഥാനത്തെത്തി. രാജ്യത്തെ ആകെ പാൽ ഉൽപ്പാദനത്തിൽ ഉത്തർപ്രദേശിന്റെ വിപണി വിഹിതം 15.72 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. കൂടാതെ, മാംസ ഉൽപ്പാദനത്തിൽ 12.20 ശതമാനം വിപണി വിഹിതം നേടാനും ഉത്തർപ്രദേശിന് സാധിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2022-23 കാലയളവിൽ രാജ്യത്തെ മൊത്തം പാൽ ഉൽപ്പാദനം 230.58 ദശലക്ഷം ടണ്ണാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പാൽ ഉൽപ്പാദനത്തിൽ 22.81 ശതമാനം വളർച്ച നേടാൻ രാജ്യത്തിന് സാധിച്ചിട്ടുണ്ട്.
ഉത്തർപ്രദേശ് കഴിഞ്ഞാൽ തൊട്ടുപിന്നിലായി രാജസ്ഥാൻ (14.44 ശതമാനം), മധ്യപ്രദേശ് (8.73 ശതമാനം), ഗുജറാത്ത് (7.49 ശതമാനം), ആന്ധ്രപ്രദേശ് (6.70 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് പാൽ ഉൽപ്പാദനത്തിൽ മുൻനിരയിലുള്ളത്. അതേസമയം, മാംസ ഉൽപ്പാദന രംഗത്ത് 11.93 ശതമാനം വിപണി വിഹിതവുമായി പശ്ചിമ ബംഗാൾ രണ്ടാം സ്ഥാനത്തും, 11.50 ശതമാനം വിപണി വിഹിതവുമായി മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തും എത്തി. 2022-23 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ മൊത്തം മാംസ ഉൽപ്പാദനം 20.39 ശതമാനം വളർച്ചയോടെ 9.77 ദശലക്ഷം ടണ്ണായി ഉയർന്നു. ഇതേ കാലയളവിലെ രാജ്യത്തെ മുട്ട ഉൽപ്പാദനം 138.38 ബില്യണായാണ് വർദ്ധിച്ചത്. രാജ്യത്തെ ഏറ്റവും കൂടുതൽ മുട്ട ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ആന്ധ്രപ്രദേശാണ്. ആകെ മുട്ട ഉൽപ്പാദനത്തിന്റെ 20.13 ശതമാനം ആന്ധ്രപ്രദേശിന്റെ സംഭാവനയാണ്.