ആഗോള വിപണി അനുകൂലമായി! ഇന്ത്യൻ വിപണിയിൽ വീണ്ടും വിദേശ നിക്ഷേപകരുടെ തേരോട്ടം


ആഗോള വിപണിയിലെ ഘടകങ്ങൾ അനുകൂലമായി മാറിയതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും വിദേശ നിക്ഷേപകരുടെ തേരോട്ടം. ലോകമെമ്പാടും നാണയപ്പെരുപ്പ ഭീഷണി കുറഞ്ഞതോടെയാണ് ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും വിദേശ നിക്ഷേപകർ തിരിച്ചെത്തിയത്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, നവംബറിൽ ഇതുവരെ വിദേശനിക്ഷേപ സ്ഥാപനങ്ങൾ 378 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. ഇത് ഇന്ത്യൻ വിപണിക്ക് വീണ്ടും പുത്തൻ ഉണർവ് പകർന്നിട്ടുണ്ട്. ആഗോള മേഖലയിൽ ധന പ്രതിസന്ധി അതിരൂക്ഷമാകുമ്പോഴും രാജ്യത്തെ സാമ്പത്തിക രംഗം ഉയർന്ന വളർച്ച നേടുന്നതിനാൽ, മികച്ച വളർച്ചാ സാധ്യതയുള്ള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയ്ക്ക് പ്രാധാന്യം വർദ്ധിക്കുകയാണ്.

അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് സാമ്പത്തിക വളർച്ചയ്ക്ക് ഊന്നൽ നൽകുന്ന സമീപനത്തിലേക്ക് മാറിയേക്കുമെന്ന പ്രതീക്ഷ ശക്തമായതിനാൽ ഏതാനും ദിവസങ്ങൾക്കു മുൻപ് വരെ യു.എസിലെ കടപ്പത്രങ്ങളുടെ മൂല്യത്തിലും ഡോളറിന്റെ കരുത്തിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ നഷ്ടം ഇന്ത്യൻ വിപണിയിലും വലിയ തോതിലാണ് പ്രകടമായത്. ഇതിനെ തുടർന്ന് ഒക്ടോബറിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും 24,548 കോടി രൂപയാണ് പിൻവലിച്ചത്. കൂടാതെ, സെപ്റ്റംബറിലും സമാനമായ രീതിയിൽ 14,767 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചിരുന്നു.