രുചികരമായ ഭക്ഷണങ്ങൾ വെറും 20 രൂപയ്ക്ക് വാങ്ങാം! പ്രത്യേക പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ


യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം എത്തിക്കാനുള്ള പ്രത്യേക പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. രുചികരമായ ഭക്ഷണ വിഭവങ്ങൾ വെറും 20 രൂപയ്ക്ക് ലഭ്യമാക്കാനുള്ള പദ്ധതിക്കാണ് റെയിൽവേ രൂപം നൽകുന്നത്. ഉത്തരേന്ത്യൻ ഭക്ഷ്യവിഭവങ്ങൾ മുതൽ ദക്ഷിണേന്ത്യൻ വിഭവങ്ങൾ വരെ മെനുവിൽ ഉൾപ്പെടുത്തുന്നതാണ്. ഖിച്ഡി, ചോലെ-ഭാതുര, പാവ് ഭാജി, പൂരി-സബ്ജി തുടങ്ങിയ വിഭവങ്ങൾ വരെ ഉൾപ്പെടുത്തും. മാസങ്ങൾക്കു മുൻപ് തന്നെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട സൂചനകൾ റെയിൽവേ നൽകിയിരുന്നു.

ദീർഘദൂര യാത്ര നടത്തുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ ലക്ഷ്യമിട്ടാണ് കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കാനുള്ള തീരുമാനത്തിലേക്ക് റെയിൽവേ എത്തിയത്. ഇതിനായി ഫുഡ് കമ്പനിയുമായി ഉടൻ കരാറിൽ ഒപ്പുവയ്ക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ, തിരഞ്ഞെടുത്ത 64 റെയിൽവേ സ്റ്റേഷനുകളിലാണ് 20 രൂപ നിരക്കിൽ ഉള്ള ഭക്ഷണം ലഭ്യമാക്കുക. പിന്നീട് ഘട്ടം ഘട്ടമായി മുഴുവൻ റെയിൽവേ സ്റ്റേഷനുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നതാണ്.

പരീക്ഷണാടിസ്ഥാനത്തിൽ 6 മാസം വരെ റെയിൽവേ സ്റ്റേഷനുകളിൽ 20 രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കും. ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അതുകൊണ്ടുതന്നെ സ്റ്റേഷനിലെ ഭക്ഷണശാല ജനറൽ ബോഗിക്ക് മുന്നിൽ മാത്രമായാണ് സജ്ജീകരിക്കുകയുള്ളൂ. അതിനാൽ, ഭക്ഷണം വാങ്ങാൻ യാത്രക്കാർക്ക് പ്ലാറ്റ്ഫോമിൽ നിന്ന് അധിക ദൂരം നടക്കേണ്ടിവരില്ല.