വൻ തുക ചെലവഴിച്ച് വാങ്ങിയ ഷൂ കീറി, വാറന്റി നിരസിച്ച് നൈക്കി! ഒടുവിൽ നഷ്ടപരിഹാരം


വൻ തുക ചെലവഴിച്ച് വാങ്ങിയ ഷൂവിന്റെ വാറന്റി നിരസിച്ചതോടെ വെട്ടിലായി പ്രമുഖ സ്പോർട്സ് ഷൂ ബ്രാൻഡായ നൈക്കി. ഷിംല സ്വദേശിയായ യുവാവാണ് 17,595 രൂപ വിലമതിക്കുന്ന നൈക്കിയുടെ ഷൂ ഷോറൂമിൽ നിന്ന് വാങ്ങിയത്. എന്നാൽ, ആഴ്ചകൾ കൊണ്ട് ഷൂവിന്റെ സോൾ കീറുകയായിരുന്നു. മൂന്ന് മാസത്തിനുള്ളിൽ ഉൽപ്പന്നത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ മാറ്റി നൽകുമെന്ന് ഷോറൂം ജീവനക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, വാറന്റി പിരീഡിനുള്ളിൽ കേടുപാട് സംഭവിച്ച ഷൂവുമായി ഷോറൂം സന്ദർശിച്ചതോടെയാണ് നൈക്കി യുവാവിന്റെ ആവശ്യം നിരസിച്ചത്.

2021 സെപ്റ്റംബർ 17നാണ് ഷൂവിന്റെ വാറന്റിയുമായി ബന്ധപ്പെട്ട തർക്കം നടന്നത്. ഷൂ വാങ്ങിയതിന്റെ ബില്ല് കൈവശം ഇല്ലാത്തതിനാൽ, ഷോറൂം ജീവനക്കാർ യുവാവിനെ മടക്കി അയക്കുകയായിരുന്നു. എന്നാൽ, അന്നേ ദിവസം ഷോറൂമിൽ നടത്തിയ ബാങ്ക് ഇടപാട് തെളിവായി കണ്ട് യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് നിയമ പോരാട്ടങ്ങൾക്കൊടുവിൽ രണ്ട് വർഷത്തിനുശേഷമാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ യുവാവിന് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.

തകരാർ ശ്രദ്ധയിൽപ്പെട്ട ശേഷവും ഷൂ മാറ്റി നൽകാനോ, യുവാവിന് പണം തിരികെ നൽകാനോ കമ്പനി തയ്യാറായില്ലെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഷൂവിന്റെ പണം യുവാവിന് മടക്കി നൽകണമെന്നും, കോടതി ചെലവിനായി പതിനായിരം രൂപ നൽകണമെന്നുമാണ് നൈക്കിയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഷിംല ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടേതാണ് തീരുമാനം. ഷോറൂം ജീവനക്കാരുടെ ശരിയായ പെരുമാറ്റമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.