കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് റാസ് അൽ ഖൈമയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് എയർ അറേബ്യ. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് എയർ അറേബ്യ നടത്തുക. ഇതോടെ, 3 മണിക്കൂറും 45 മിനിറ്റും കൊണ്ട് കോഴിക്കോട് നിന്നും റാസ് അൽ ഖൈമയിലേക്ക് എത്താനാകും. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 8:10-ന് റാസ് അൽ ഖൈമയിൽ നിന്ന് വിമാനം പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട് നിന്നുള്ള സർവീസ് അന്നേ രാത്രി 11:25-ന് പുറപ്പെടും.
യാത്രക്കാർക്ക് എയർലൈനിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. വിവിധ ദിവസങ്ങളിൽ പുറപ്പെടുന്ന ഫ്ലൈറ്റുകൾക്ക് 9,927 രൂപ മുതൽ 27,591 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. പുതിയ സർവീസ് ആരംഭിച്ചതോടെ വിനോദ സഞ്ചാര മേഖലയ്ക്കും, പ്രവാസികൾക്കും ഏറെ ഗുണം ചെയ്യുന്നതാണ്. പ്രവാസികൾക്ക് ആദായ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. നിലവിൽ, തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് എയർ അറേബ്യ വിവിധ രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ചെലവ് കുറഞ്ഞ വിമാനയാത്ര വാഗ്ദാനം ചെയ്യുന്ന എയർലൈൻ കൂടിയാണ് എയർ അറേബ്യ.