ഒടുവിൽ ജിൻഡാലും കൈവിട്ടു! ഗോ ഫസ്റ്റിന്റെ പറക്കൽ വീണ്ടും അനിശ്ചിതത്വത്തിൽ


കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ഗോ ഫസ്റ്റിനെ കൈവിട്ട് ജിൻഡാൽ പവർ ലിമിറ്റഡ്. നേരത്തെ ഗോ ഫസ്റ്റിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ശ്രമങ്ങൾക്ക് ജിൻഡാൽ തുടക്കമിട്ടിരുന്നു. എന്നാൽ, ഗോ ഫസ്റ്റിന്റെ ബാധ്യതകൾ വിശദമായി വിലയിരുത്തിയതിനെ തുടർന്നാണ് ഏറ്റെടുക്കൽ നടപടികളിൽ നിന്ന് ജിൻഡാൽ പിന്മാറിയത്. ഗോ ഫസ്റ്റിനെ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് അപേക്ഷ നൽകാനുള്ള തീയതി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം.

കോടതിയെ സമീപിച്ചാൽ സമയപരിധി നീട്ടി വാങ്ങാൻ ഗോ ഫസ്റ്റിന് സാധിക്കുമെങ്കിലും, വായ്പ നൽകിയ ബാങ്കുകൾ ഇതുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ജിൻഡാൽ ഗോ ഫസ്റ്റിനെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് വായ്പ നൽകിയ ബാങ്കുകൾ വലിയ പ്രതീക്ഷയിലായിരുന്നു. ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ രണ്ട് പൊതുമേഖലാ ബാങ്കുകളാണ് ഗോ ഫസ്റ്റ് ഏറ്റവും അധികം വായ്പ നൽകിയത്. ഏകദേശം 6500 കോടി രൂപയുടെ കടബാധ്യത ഗോ ഫാസ്റ്റിന് ഉണ്ട്.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 1,987 കോടി രൂപയും, ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് 1,430 കോടി രൂപയുമാണ് ഗോ ഫസ്റ്റ് വായ്പയായി വാങ്ങിയത്. കൂടാതെ, മറ്റു ബാങ്കുകളിൽ നിന്നും വായ്പ എടുത്തിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ഗോ ഫസ്റ്റ് സർവീസുകളെല്ലാം നിർത്തിവച്ചിരിക്കുകയാണ്. ജിൻഡാലിന്റെ പുതിയ പ്രഖ്യാപനം കൂടി വന്നതോടെ ഗോ ഫസ്റ്റിന്റെ പറക്കൽ വീണ്ടും അനിശ്ചിതത്വത്തിലായി.