ഉത്സവ സീസണിൽ രാജ്യത്തേക്ക് ഒഴുകിയെത്തിയത് കോടികളുടെ സ്വർണം, ഇറക്കുമതി കുത്തനെ ഉയർന്നു


ഉത്സവ സീസണുകളോടനുബന്ധിച്ച് രാജ്യത്ത് ഇറക്കുമതി ചെയ്തത് കോടികളുടെ സ്വർണം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒക്ടോബറിൽ 123 ടൺ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2022 ഒക്ടോബറിൽ 77 ടൺ മാത്രമായിരുന്നു ഇറക്കുമതി. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 60 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദീപാവലി, ദസറ, നവരാത്രി എന്നീ ആഘോഷവേളയിൽ സ്വർണാഭരണങ്ങൾക്ക് ഡിമാൻഡ് ഉയരുന്ന സാധ്യത കണക്കിലെടുത്താണ് വലിയ തോതിൽ സ്വർണം ഇറക്കുമതി ചെയ്തത്.

കഴിഞ്ഞ വർഷംസ്വർണം ഇറക്കുമതിക്ക് 370 കോടി രൂപയാണ് ചെലവഴിച്ചതെങ്കിൽ, ഇത്തവണ ഇറക്കുമതി ചെലവ് 723 കോടി രൂപയായി ഉയർന്നിട്ടുണ്ട്. സ്വർണാഭരണങ്ങൾക്ക് ഡിമാൻഡ് വർദ്ധിക്കുന്നത് രാജ്യത്തെ ആഭരണ വിപണിക്ക് നേട്ടമാണ്. എങ്കിലും, ഉയർന്ന തോതിലുള്ള ഇറക്കുമതി സാമ്പത്തിക മേഖലയ്ക്ക് അധിക ബാധ്യത സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയുടെ വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ കൂടാൻ സ്വർണം ഇറക്കുമതി കാരണമായി മാറുന്നുണ്ട്. രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. അതിനാൽ, സ്വർണം വാങ്ങാൻ വൻ തോതിൽ ഡോളർ ചെലവഴിക്കുന്നത് വ്യാപാര, കറന്റ് അക്കൗണ്ട് കമ്മി കൂടാനിടയാക്കും. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോഗ രാജ്യം കൂടിയാണ് ഇന്ത്യ.